ഹെലികോപ്റ്റർ യാത്ര ഇൻവെസ്റ്റേഴ്‌സിനെ കാണാൻ; സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി ഹെലികോപ്റ്റർ യാത്ര നടത്തിയെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ എത്തിയിരുന്ന പ്രമുഖ നിക്ഷേപകരെ കാണാനാണ് താൻ ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്നും അത് തികച്ചും ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻകൂട്ടി തിരുമാനിച്ച ഡിന്നർ മീറ്റിങ്ങിനായി കൊച്ചിയിലേക്ക് പോകാൻ വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ നിക്ഷേപകർക്ക് തിരക്കുണ്ടായിരുന്നതിനാലും, തമിഴ്‌നാട് മുഖ്യമന്ത്രി അവരുമായി കൂടിക്കാഴ്ച നടത്തിയത് പോലെ കേരളവും ചർച്ച നടത്തേണ്ടതുണ്ടെന്നതിനാലുമാണ് യാത്ര പെട്ടെന്ന് ഹെലികോപ്റ്ററിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഈ യാത്ര മൂലം സംസ്ഥാന സർക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടുത്ത സെപ്റ്റംബർ വരെ വാടകയ്‌ക്കെടുത്തിട്ടുള്ള ഹെലികോപ്റ്ററാണിതെന്നും, പ്രതിമാസം 25 മണിക്കൂർ യാത്ര സൗജന്യമായി ലഭ്യമാണെന്നുമാണ് അദ്ദേഹം ഇതിന് ന്യായീകരണമായി ചൂണ്ടിക്കാണിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകളെ താൻ മുൻപ് എവിടെയും വിമർശിച്ചിട്ടില്ലെന്നും, അദ്ദേഹത്തെപ്പോലെ പാർട്ടി സമ്മേളനങ്ങൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ താൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമങ്ങൾ തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊച്ചിയിൽ എത്തിയ നിക്ഷേപകർ ആരാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. നിക്ഷേപകരുടെ പേരുകൾ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ആ പദ്ധതി തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയിൽ അന്തിമ തീരുമാനമാകുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കുമെന്നും, അതുവരെ നിക്ഷേപകരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

Related Articles

- Advertisement -spot_img

Latest Articles