ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ യുവാക്കൾക്കിടയിലും ‘ജെൻ സി’ തലമുറയ്ക്കിടയിലും വർദ്ധിച്ചുവരുന്ന ജനപ്രീതി കണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭയപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പീയൂഷ് ഗോയൽ. മുൻപ് യുവാക്കൾക്കിടയിൽ രാഹുലിനുണ്ടായിരുന്ന സ്വീകാര്യത ഇപ്പോൾ നഷ്ടപ്പെട്ടുവെന്നും, വികസിത ഭാരതം എന്ന മോദിയുടെ കാഴ്ചപ്പാടിനൊപ്പം പുതിയ തലമുറ ഉറച്ചുനിൽക്കുന്നുണ്ടെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം അവകാശപ്പെട്ടു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിലും സൻസദ് മാർഗിലും സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പീയൂഷ് ഗോയലിന്റെ ഈ പ്രതികരണം. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതിലും അവരെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചതിലും വൻ വിമർശനമുയർന്നിരുന്നു. ഇതിനിടെ തനിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകളിട്ട വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
എന്നാൽ, ഈ വീഡിയോയ്ക്ക് ശേഷവും സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ശക്തമായി തുടരുകയാണ്. ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദീപ്‌കെ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടുവെന്നും, മോദി വീഡിയോയിലൂടെ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും ദീപ്‌കെ ആവശ്യപ്പെട്ടു.



