തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ (പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾ), ഇടുക്കി (ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ) എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ അങ്കണവാടികൾ, സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് അവധി നൽകിയിരിക്കുന്നത്. ഇടുക്കിയിൽ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെയായിരിക്കും അവധി. എന്നാൽ ഭൂരിഭാഗം ജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
കനത്ത മഴയെ തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) നട നടത്താനിരുന്ന വിവിധ ഓൺലൈൻ, ഒ.എം.ആർ (OMR) പരീക്ഷകളും കായികക്ഷമതാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6, 10 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്; ഇവയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്താനിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ കായികക്ഷമതാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. മഴ കാരണം കായികക്ഷമതാ പരീക്ഷ എഴുതാൻ സാധിക്കാതെപോയ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 22-ന് പരീക്ഷ എഴുതാൻ അവസരമുണ്ടാകും.
അതേസമയം, വരും മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലെ റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് ആറന്മുളയിൽ നടത്താനിരുന്ന വഴിപാട് വള്ളസദ്യ, കെ.എസ്.ആർ.ടി.സി സദ്യ, പെയ്ഡ് സദ്യ എന്നിവ മാറ്റിവെച്ചു. ഇതിൽ പെയ്ഡ് സദ്യകൾ ഓഗസ്റ്റ് 12, 25, 29 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.



