ബിഷ : പ്രണയിച്ച പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിലുള്ള മാനസിക വിഷമത്തെ തുടർന്ന് തമിഴ്‌നാട് സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ ജീവനൊടുക്കി. തമിഴ്‌നാട് കുഞ്ഞരം സ്വദേശി രാജഭാരതി സദാശിവൻ (26) ആണ് ബിഷയ്ക്ക് സമീപമുള്ള ഹായ് മത്താറിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. പ്രവാസജീവിതം പത്തുമാസം മാത്രം പിന്നിടുമ്പോഴാണ് ഈ ദാരുണസംഭവം.
സൗദി സമയം രാവിലെ നാലുമണിയോടെയാണ് രാജഭാരതി ജീവനൊടുക്കിയത്. അതിനുമുമ്പ് “ഞാൻ ഇവിടെ ജീവിതം അവസാനിപ്പിക്കുകയാണ്” എന്ന് കാണിച്ച് യുവാവ് സഹോദരിക്ക് വാട്ട്‌സ്ആപ്പ് വഴി സന്ദേശം അയച്ചിരുന്നു. സന്ദേശം കണ്ട സഹോദരി ഉടൻതന്നെ ബിഷയിലുള്ള അമ്മാവന്റെ മകനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് രാജഭാരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്പോൺസറും പൊലീസും ആംബുലൻസും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബിഷ കിംഗ് അബ്ദുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രണയനൈരാശ്യമാണ് യുവാവിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. തുടർനിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബിഷയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ അസീസ് പാതിപറമ്പൻ (കൊണ്ടോട്ടി) രംഗത്തുണ്ട്.



