30.6 C
Saudi Arabia
Saturday, May 2, 2026
spot_img

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണലിന് നിയോഗിക്കാം; തൃണമൂലിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബംഗാൾ നിയമസഭാ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കമ്മീഷന്റെ നടപടി നിയമപരമായി തെറ്റല്ലെന്നും കേന്ദ്ര ജീവനക്കാർ അവരുടെ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് നിരീക്ഷിച്ചു. അവർക്ക് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതമുണ്ടെന്ന് മുൻകൂട്ടി കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, തൃണമൂലിന്റെ അടിയന്തര ആവശ്യം പരിഗണിച്ച് അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഈ ഹരജി പരിഗണിച്ചത്.

സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും ഉൾപ്പെടെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉള്ളപ്പോൾ, കൗണ്ടിങ് സൂപ്പർവൈസറോ ഏജന്റോ കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കിലും ചട്ടപ്രകാരം അതിൽ തെറ്റില്ലെന്ന് വിചാരണക്കിടെ കോടതി ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ ക്രമീകരണങ്ങളിൽ പൂർണ്ണമായ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ടെന്നും കൗണ്ടിങ് സൂപ്പർവൈസർ കേന്ദ്ര ഉദ്യോഗസ്ഥനും കൗണ്ടിങ് ഏജന്റ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

അതേസമയം, വോട്ടിങ് ക്രമക്കേടുകൾ നടന്നെന്ന ബിജെപിയുടെ ആരോപണത്തെത്തുടർന്ന് ബംഗാളിലെ 15 ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കുകയാണ്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹത് വെസ്റ്റ്, ഡയമണ്ട് ഹാർബർ എന്നീ മണ്ഡലങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഈ വിധി പുറത്തുവന്നതോടെ ഭരണ-പ്രതിപക്ഷ തർക്കങ്ങൾ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles