ജസീറ എയര്‍വേയ്‌സ് കുവൈത്തിൽ നിന്ന് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ജസീറ എയര്‍വേയ്‌സ് തങ്ങളുടെ ആസ്ഥാനമായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-5ല്‍ നിന്ന് ഇന്ന് മുതല്‍ സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുന്നു. നിലവില്‍ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയുള്ള സമയക്രമത്തിലായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുക. യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് 57 ദിവസത്തോളം കുവൈത്ത് വിമാനത്താവളം അടച്ചിട്ടിരുന്ന ഘട്ടത്തിൽ സഊദി അറേബ്യയിലെ ദമ്മാം, ഖൈസുമ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ജസീറ താല്‍ക്കാലികമായി സര്‍വീസുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ഇന്ന് മുതലാണ് വിമാനത്താവളം പൂര്‍ണ്ണമായും പഴയ നിലയിലേക്ക് മാറുന്നത്. ഇതോടെ സഊദി കേന്ദ്രീകരിച്ചുള്ള താല്‍ക്കാലിക സര്‍വീസുകള്‍ കമ്പനി അവസാനിപ്പിക്കും.

പ്രവര്‍ത്തനം പൂര്‍ണ്ണസ്ഥിതിയിലാകുന്നതോടെ കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ചെന്നൈ, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും കുവൈത്തില്‍ നിന്ന് നേരിട്ടുള്ള കണക്റ്റിവിറ്റി ലഭ്യമാകും. വേനല്‍ക്കാല അവധിക്കായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. ടെര്‍മിനല്‍-5 കേന്ദ്രീകരിച്ച് സര്‍വീസുകള്‍ ഏകീകരിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് ജസീറ എയര്‍വേയ്‌സ് സിഇഒ ഭരതന്‍ പശുപതി വ്യക്തമാക്കി. വിമാനത്താവളം അടച്ചിട്ട സമയത്ത് ‘പ്രോജക്ട് ബറക’ എന്ന പേരില്‍ സഊദി കേന്ദ്രീകരിച്ച് ജസീറ 1,500 സര്‍വീസുകള്‍ നടത്തുകയും രണ്ട് ലക്ഷത്തോളം യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്തിരുന്നു.

യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ‘പാര്‍ക്ക് ആന്‍ഡ് ഫ്‌ലൈ’ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവിടെ നിന്നായിരിക്കും യാത്രക്കാരെ ടെര്‍മിനല്‍-5 ലേക്ക് എത്തിക്കുക. വരാനിരിക്കുന്ന വേനല്‍ക്കാല സീസണ്‍ മുന്നില്‍ക്കണ്ട് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും വിപുലമായ നെറ്റ്‌വര്‍ക്ക് ഒരുക്കാനും എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles