പശ്ചിമേഷ്യൻ സംഘർഷം: ഇന്ധനവില വർദ്ധനയെത്തുടർന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

ന്യൂഡൽഹി: ഇറാനെ യു.എസും ഇസ്‌റാഈലും ആക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവും കണക്കിലെടുത്ത് ജൂൺ, ജൂലൈ മാസങ്ങളിൽ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലാത്തതിനാലാണ് സർവീസുകൾ കുറയ്ക്കുന്നതെന്ന് എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ ജീവനക്കാർക്കയച്ച ആഭ്യന്തര സന്ദേശത്തിൽ വ്യക്തമാക്കി. യുദ്ധത്തെത്തുടർന്ന് ചില വ്യോമപാതകൾ അടച്ചതും വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വന്നതും ഇന്ധനച്ചെലവ് കുത്തനെ ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ വരുന്ന ഇന്ധനച്ചെലവ് നിലവിൽ 60 ശതമാനത്തോളമായി ഉയർന്നിരിക്കുകയാണ്. ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ ഭാഗികമായി സർവീസുകൾ കുറച്ചിരുന്നെങ്കിലും വരും മാസങ്ങളിലും നിയന്ത്രണങ്ങൾ തുടരാനാണ് കമ്പനിയുടെ തീരുമാനം.

മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിമാനക്കമ്പനിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. വ്യോമപാതകളിലെ നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് അനിവാര്യമാണെന്നാണ് എയർ ഇന്ത്യയുടെ നിലപാട്.

 

Related Articles

- Advertisement -spot_img

Latest Articles