കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയിൽ അപ്രതീക്ഷിത മുന്നേറ്റവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ മുൻ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.പി. രാമകൃഷ്ണനെ പിന്നിലാക്കിയാണ് മുസ്ലിം ലീഗ് നേതാവായ ഫാത്തിമ തഹ്ലിയ ലീഡ് നിലനിർത്തുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ തന്നെ നിർണ്ണായകമായ ഒരു മാറ്റത്തിനാണ് വോട്ടെണ്ണൽ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ വിവാദങ്ങൾക്കും നിയമ നടപടികൾക്കും വേദിയായ മണ്ഡലമാണ് പേരാമ്പ്ര.
സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചത് ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ഫാത്തിമ തഹ്ലിയയുടെ ഈ മുന്നേറ്റം. വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ പ്രതിഫലിക്കുമെന്ന യു.ഡി.എഫ് പ്രതീക്ഷകൾക്ക് കരുത്തേകുന്നതാണ് നിലവിലെ ലീഡ് നില. സംസ്ഥാനത്തുടനീളം പ്രമുഖരായ എൽ.ഡി.എഫ് നേതാക്കളും മന്ത്രിമാരും പിന്നിലായി തുടരുന്ന പ്രവണത പേരാമ്പ്രയിലും ആവർത്തിക്കുന്നത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ റൗണ്ടുകൾ എണ്ണിത്തീരുന്നതോടെ പേരാമ്പ്രയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും വ്യക്തമാകും.



