ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്തെ ഞെട്ടിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നതാണ് വോട്ടെണ്ണൽ ദിനത്തിലെ ഏറ്റവും വലിയ വാർത്ത. കന്നി മത്സരത്തിനിറങ്ങിയ ടി.വി.കെയുടെ ഈ കുതിപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് കനത്ത തിരിച്ചടിയാണ് ഏൽക്കുന്നത്. സ്റ്റാർ മണ്ഡലമായ ചെപ്പോക്ക്-തിരുവല്ലക്കേനിയിൽ സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പിന്നിലായെന്നത് ഡി.എം.കെ ക്യാമ്പിനെ അമ്പരപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 62 കേന്ദ്രങ്ങളിലായി കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭരണം ഉറപ്പിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. 2021-ലെ തിരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയ ഡി.എം.കെ ഇക്കുറി 164 ഇടങ്ങളിലാണ് മത്സരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡി.എം.കെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സംശയമുണ്ട്. സ്റ്റാലിൻ വീണ്ടും അധികാരത്തിലെത്തിയാൽ അത് തമിഴക രാഷ്ട്രീയത്തിൽ ചരിത്ര സംഭവമാകും; എന്നാൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തമിഴ്നാട് ആദ്യമായി ഒരു കൂട്ടുകക്ഷി ഭരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്.
പശ്ചിമ ബംഗാളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ ലീഡ് 100 സീറ്റുകൾ പിന്നിട്ടിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപ്പൂരിൽ അവർ ബി.ജെ.പിയിലെ സുവേന്ദു അധികാരിയോട് പിന്നിലായെന്നാണ് ആദ്യ സൂചനകൾ. അസമിലും പുതുച്ചേരിയിലും എൻ.ഡി.എ സഖ്യത്തിനാണ് ആധിപത്യം. അസമിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി.ജെ.പി സഖ്യം കേവലഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ് – ബി.ജെ.പി സഖ്യം ഭരണത്തുടർച്ചയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.



