തിരുവനന്തപുരം: കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. വരുംതലമുറയ്ക്ക് സൗഹാർദത്തോടെ ജീവിക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടാകണം. വിദ്വേഷം പടർത്തുന്ന ശക്തികളെ എന്തുവിലകൊടുത്തും എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വ്യക്തിപരമായി എന്നോട് അനിഷ്ടമുണ്ടെങ്കിൽ തിരുത്താം, എന്നാൽ ആരും വർഗീയത പറയരുതെന്നാണ് സാമുദായിക സംഘടനകളോടുള്ള തന്റെ വിനയപൂർവമായ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്ന് ചേരുന്ന യു.ഡി.എഫ് യോഗം തീരുമാനമെടുക്കും. കെ.സി. വേണുഗോപാൽ വൈകീട്ടോടെ എത്തും. രമേശ് ചെന്നിത്തല തന്റെ ലീഡറാണെന്നും അദ്ദേഹത്തെയും കെ.പി.സി.സി പ്രസിഡന്റിനെയും കണ്ട് ചർച്ചകൾ നടത്തുമെന്നും സതീശൻ പറഞ്ഞു. ഭരണത്തുടർച്ചയ്ക്കായി മികച്ച ഒരു ടീമിനെ തന്നെ സജ്ജമാക്കും. പിണറായി വിജയനെ ഫോണിൽ വിളിച്ചുവെന്നും അദ്ദേഹത്തെ നേരിട്ട് കാണുമെന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.
യു.ഡി.എഫിലെ നിർണ്ണായക ശക്തിയായ മുസ്ലിം ലീഗിനെ വർഗീയമായി മുദ്രകുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം വർഗീയ ശക്തികൾ കൈക്കലാക്കും. ആ സ്പേസ് വർഗീയതയ്ക്ക് വിട്ടുകൊടുക്കാതെ തടുത്തുനിർത്തുന്ന രാഷ്ട്രീയ പാർട്ടിയാണ് ലീഗ്. അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ വിദ്വേഷം വളർത്താനാണ്. ഇത്തരം ‘ചാപ്പയടി’ രാഷ്ട്രീയത്തോടും വിദ്വേഷ പ്രചാരണത്തോടും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്ന് വി.ഡി. സതീശൻ തറപ്പിച്ചു പറഞ്ഞു. മതേതര നിലപാടുകൾ മുറുകെപ്പിടിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണമായിരിക്കും കാഴ്ചവെക്കുകയെന്നും അദ്ദേഹം ഉറപ്പുനൽകി.



