കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറ മുക്ക് സ്വദേശിനി സോന ആണ് മരിച്ചത്.  രാത്രി ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഗർഭിണിയായ സോനയെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ അപ്രതീക്ഷിതമായി തീ പടർന്നത്.

കാറിനുള്ളിൽ കുടുങ്ങിപ്പോയ ദമ്പതികൾക്ക് തീ ആളിപ്പടർന്നതോടെ പുറത്തിറങ്ങാനായില്ല. കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ സോനയുടെ ഭർത്താവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടം നടന്ന ഉടനെ സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് കാറിലെ തീ പൂർണ്ണമായും അണച്ചത്. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല; ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles