തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിൽ ഘടകകക്ഷികളെല്ലാം ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ യു.ഡി.എഫ് മന്ത്രിസഭ നിലവിൽ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. 14 പുതുമുഖങ്ങളടങ്ങിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും സ്റ്റേഡിയത്തിൽ പൂർത്തിയായിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വൻ നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്തെത്തും.
പുതിയ ഭരണസംവിധാനത്തിൽ മുഖ്യമന്ത്രിക്കു പുറമേ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി. ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും സി.എം.പിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരാകും. ഒരംഗം മാത്രമുള്ള സി.എം.പിക്ക് അഞ്ച് വർഷം പൂർണ്ണ മന്ത്രിസ്ഥാനം നൽകിയതിൽ മറ്റ് ചെറുകിട ഘടകകക്ഷി നേതാക്കളായ അനൂപ് ജേക്കബിനും മാണി സി. കാപ്പനും കടുത്ത അമർഷമുണ്ട്. ധാരണപ്രകാരം കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെ.ഡി.പി.യുടെ മാണി സി. കാപ്പനും രണ്ടര വർഷം വീതമാണ് മന്ത്രിസ്ഥാനം പങ്കിടുക; ഇതിൽ അനൂപ് ജേക്കബ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിലും ഐ.സി. ബാലകൃഷ്ണനെ ടേം വ്യവസ്ഥയിൽ പരിഗണിക്കാൻ ആലോചന നടക്കുന്നുണ്ട്.
മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് മന്ത്രിമാരാകുന്നത്. മുൻ യു.ഡി.എഫ് സർക്കാരുകളിൽ ലീഗ് കൈകാര്യം ചെയ്തിരുന്ന പരമ്പരാഗത വകുപ്പുകൾ തന്നെ ഇത്തവണയും അവർക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാൽ പ്രാദേശിക സമവായത്തിന്റെ ഭാഗമായി രണ്ടര വർഷത്തിന് ശേഷം ലീഗ് മന്ത്രിമാരിൽ ഒരാൾ മാറി കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറയ്ക്കൽ അബ്ദുല്ലയ്ക്ക് സ്ഥാനം നൽകും; ഇതിൽ ഏത് മന്ത്രിയാണ് മാറേണ്ടതെന്ന് പിന്നീട് തീരുമാനിക്കും. കേരള കോൺഗ്രസ് മന്ത്രിയായി മോൻസ് ജോസഫ് എത്തുമ്പോൾ അപു ജോൺ ജോസഫ് ചീഫ് വിപ്പാകും. അതേസമയം, ഘടകകക്ഷികൾക്കിടയിൽ ചില വകുപ്പുകളെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മന്ത്രിമാരുടെ വകുപ്പുവിഭജനത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് ഔദ്യോഗിക പട്ടിക കൈമാറിയ ശേഷമാണ് യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാമൂഹികവും പ്രാദേശികവുമായ സമവാക്യങ്ങൾ പാലിക്കേണ്ടി വന്നതിനാൽ അർഹതപ്പെട്ട പല പ്രമുഖരെയും ഇത്തവണ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചില്ലെന്നും അതിൽ തനിക്ക് വ്യക്തിപരമായി കടുത്ത ദുഃഖമുണ്ടെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.



