യു.ഡി.എഫ് മന്ത്രിസഭയുടെ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസ്സുകാരന് ദാരുണാന്ത്യം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരണപ്പെട്ടത്. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ മറ്റ് മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. പുതിയ വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രദേശത്ത് ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബാക്കി വന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചുവെച്ച ശേഷമാണ് പ്രവർത്തകർ അവിടെ നിന്നും മടങ്ങിയത്.

പ്രവർത്തകർ പിരിഞ്ഞുപോയ സമയം നോക്കി അവിടെയുണ്ടായിരുന്ന കുട്ടികൾ ഈ പടക്കങ്ങൾ എടുക്കുകയായിരുന്നു. പടക്കത്തിലെ വെടിമരുന്ന് ശേഖരിച്ച് കുട്ടികൾ വീണ്ടും നിറച്ചതായും, ഇതിലേക്ക് തീക്കൊളുത്തി എറിഞ്ഞതുമാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികൾ തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് അമാന്റെ കഴുത്തിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

- Advertisement -spot_img

Latest Articles