വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് അനുമതി തേടി യു. പ്രതിഭ; പാർട്ടി അനുമതി നൽകിയില്ല

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ എം.എൽ.എ യു. പ്രതിഭ. തന്റെ മകനെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച് അപമാനിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയെങ്കിലും ജില്ലാ നേതൃത്വം നിലവിൽ അനുമതി നൽകിയിട്ടില്ല. പ്രതിഭയ്ക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ അർഹതയില്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞുവെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രതിഭ നിയമനടപടിക്കായി രംഗത്തെത്തിയത്.

യോഗത്തിൽ മുൻ മന്ത്രി ജി. സുധാകരനെതിരെയും പ്രതിഭ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നുവെന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട്, ‘അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ’ എന്ന് പ്രതിഭ ചോദിച്ചു. തങ്ങളെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ സുധാകരൻ പറയിപ്പിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ബുധനാഴ്ചയും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ വിമർശനങ്ങൾ കടുത്തു. പാർട്ടി നേതൃത്വം തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണമെന്നും സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും യോഗത്തിൽ മുന്നറിയിപ്പുണ്ടായി. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്നുവെന്നും അത് തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഒരുവിഭാഗം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു.

എന്നാൽ പിണറായി വിജയനെ പൂർണ്ണമായി പിന്തുണച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുൻ വി.എസ് പക്ഷക്കാരായ നേതാക്കൾ അടക്കമുള്ളവർ പിണറായിയെ പ്രതിരോധിച്ചു. തെരഞ്ഞെടുപ്പിനെ നേരിട്ടത് പാർട്ടിയും മുന്നണിയും ചേർന്നാണെന്നും അതിനാൽ എല്ലാ കുറ്റവും പിണറായിയുടെ മേൽ മാത്രം ചുമത്തേണ്ടതില്ലെന്നും അവർ വാദിച്ചു. പാർട്ടി സംഘടന സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ചും യോഗത്തിൽ വലിയ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജനകീയ ഇടപെടലുകൾ ദുർബലമാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നു. ആലപ്പുഴ ജില്ലാ നേതൃത്വം പൂർണ്ണ പരാജയമാണെന്നും സംഘടന സംവിധാനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ലെന്നും ബ്രാഞ്ചുകളുടെ യോഗങ്ങൾ പോലും കൃത്യമായി നടക്കുന്നില്ലെന്നും നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ തുറന്നടിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles