മക്ക: ഹാജിമാർക്ക് സേവനത്തിന്റെ തണലൊരുക്കുന്ന ഐസിഎഫ്-ആർഎസ്സി ഹജ്ജ് വളണ്ടിയർ കോറിന്റെ മിന ക്യാമ്പ് മക്കയിൽ ഉദ്ഘാടനം ചെയ്തു. മിനയിലെ മൂന്ന് ദിവസത്തെ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വളണ്ടിയർമാരുടെ താമസസൗകര്യാർത്ഥവുമാണ് ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ഐസിഎഫ് മക്ക പ്രസിഡന്റ് അബ്ദുൽ റഷീദ് അസ്ഹരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വളണ്ടിയർ കോർ മക്ക ചെയർമാൻ ഹനീഫ അമാനി അധ്യക്ഷത വഹിച്ചു. വളണ്ടിയർമാർക്കുള്ള പ്രത്യേക കിറ്റ് വിതരണം ജമാൽ കക്കാട്, റാഷിദ് മാട്ടൂലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫും ആർഎസ്സിയും സംയുക്തമായാണ് ഹജ്ജ് വളണ്ടിയർ കോറിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. പതിറ്റാണ്ടുകളായി ഹജ്ജ് തീർത്ഥാടകർക്ക് സ്തുത്യർഹമായ സേവനമാണ് ഇവർ നൽകി വരുന്നത്. ഇരുഹറമുകൾ, ജിദ്ദ, മദീന വിമാനത്താവളങ്ങൾ, അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ വളണ്ടിയർമാർ കർമ്മനിരതരാണ്. ആദ്യ സംഘം എത്തിയത് മുതൽ ഹാജിമാർക്ക് ആവശ്യമായ പിന്തുണയും ഭക്ഷണവും അസീസിയ, നസീം തുടങ്ങിയ താമസസ്ഥലങ്ങളിൽ വളണ്ടിയർ കോർ ഉറപ്പാക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ സാദിഖ് ചാലിയാർ, റഷീദ് പന്തല്ലൂർ, നൗഫൽ മുസ്ലിയാർ (ജിദ്ദ), ശിഹാബ് കുറുകത്താണി, അബൂബക്കർ കണ്ണൂർ, ഇസ്ഹാഖ് ഖാദിസിയ്യ തുടങ്ങിയവർ സംബന്ധിച്ചു. ഹാജിമാർക്ക് കൂടുതൽ സഹായങ്ങൾ ആവശ്യമുള്ള മിനയിലെ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.



