വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളിലും യുദ്ധത്തിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കടുത്ത വിമർശനം ഉയരുന്നതായി റിപ്പോർട്ട്. സെന്റർ ഫോർ ഇന്റർനാഷണൽ പോളിസിയിലെ സീനിയർ ഫെലോയായ നെഗാർ മൊർത്തസാവി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ ഭരണ-പ്രതിപക്ഷ കക്ഷികളിൽ രൂപപ്പെട്ടിരിക്കുന്ന ശക്തമായ അതൃപ്തിയെക്കുറിച്ച് വ്യക്തമാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ നിലവിലെ യുദ്ധനയം കാരണം അമേരിക്ക കൂടുതൽ ദുർബലമാവുകയും ഇറാൻ കൂടുതൽ ശക്തമായി തിരിച്ചുവരികയുമാണ് ചെയ്യുന്നത് എന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികളും തീവ്രവലതുപക്ഷ ചിന്താഗതിക്കാരുമായ നേതാക്കൾ ഒരുപോലെ കുറ്റപ്പെടുത്തുന്നു. ഇതിന് പുറമെ, ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ‘അമേരിക്ക ഫസ്റ്റ്’ (അമേരിക്കയ്ക്ക് പ്രഥമ പരിഗണന) എന്ന തീവ്ര നിലപാടുള്ള വിഭാഗവും ട്രംപിന്റെ ഈ യുദ്ധക്കൊതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ മുൻകാല അമേരിക്കൻ സർക്കാരുകളുടെ അനാവശ്യ സൈനിക ഇടപെടലുകളെയും കടന്നുകയറ്റങ്ങളെയും ശക്തമായി എതിർത്ത് കൊണ്ടാണ് ട്രംപ് തന്റെ രാഷ്ട്രീയ പ്രതിച്ഛായ നിർമ്മിച്ചെടുത്തത്. എന്നാൽ ഇറാനുമായുള്ള ഈ യുദ്ധം ട്രംപിന്റെ നയങ്ങളിലെ വലിയ വൈരുദ്ധ്യവും തിരിച്ചടിയുമാണെന്ന് നെഗാർ മൊർത്തസാവി ചൂണ്ടിക്കാണിക്കുന്നു. മുൻപ് അധികാരത്തിൽ വന്നിട്ടുള്ള എല്ലാ അമേരിക്കൻ പ്രസിഡന്റുമാരും പശ്ചിമേഷ്യയിലെ അനന്തമായ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. ട്രംപും രണ്ടുതവണ ഇതേ വാഗ്ദാനം നൽകിയിരുന്നു. മുൻകാല യുദ്ധങ്ങളെ ‘വിഡ്ഢിത്തം നിറഞ്ഞ യുദ്ധങ്ങൾ’ എന്ന് വിളിച്ച് പരിഹസിക്കുകയും സ്വയം ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ട്രംപ് തന്നെയാണ് ഒടുവിൽ രാജ്യത്തെ മറ്റൊരു മഹാ യുദ്ധത്തിലേക്ക് തള്ളിവിട്ടത്.
ഇറാനെ നേരിട്ട് ആക്രമിക്കുക എന്ന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുൻപും പലതവണ മുന്നോട്ടുവെച്ചിരുന്നതാണെങ്കിലും ട്രംപിന് മുൻപ് അധികാരത്തിലിരുന്ന ഒരു അമേരിക്കൻ പ്രസിഡന്റും അതിന് തയ്യാറായിരുന്നില്ല. ഇറാനെ അത്രപെട്ടെന്ന് തകർക്കാൻ കഴിയില്ലെന്നും അവർ ഒരു പേപ്പർ ടൈഗർ അല്ലെന്നും ശക്തമായി തിരിച്ചടിക്കാൻ ശേഷിയുള്ള രാജ്യമാണെന്നും മുൻ ഭരണാധികാരികൾക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നാൽ എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് യുദ്ധത്തിലേക്ക് ചാടിയ ട്രംപ് ഒടുവിൽ കടുത്ത പ്രതിസന്ധിയിലാണ് ചെന്നുപെട്ടിരിക്കുന്നത്. സമാധാനത്തിന്റെ വക്താവായി സ്വയം ചമഞ്ഞ പ്രസിഡന്റ് ഒടുവിൽ യുദ്ധത്തിന്റെ പ്രസിഡന്റായി മാറിയെന്നും ലക്ഷ്യങ്ങളൊന്നും നേടാനാകാതെ, പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ച്, സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്തുനിന്നും ഒരേസമയം കടുത്ത വിമർശനങ്ങൾ നേരിട്ട് ട്രംപ് ഇപ്പോൾ യുദ്ധചതുപ്പിൽ നിലതെറ്റി നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.



