തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ സിപിഎം നേതാക്കൾക്കെതിരെയും കടുത്ത നടപടി വേണമെന്ന നിലപാടുമായി ഇഡി. ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും പ്രാദേശിക നേതാക്കളുടെ അറിവോടെയും പ്രകോപനത്തോടെയുമാണ് ഇത് സംഭവിച്ചതെന്നും ഇഡി ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാൻ ഒരുങ്ങുന്ന ഇഡി, അക്രമത്തിന് പ്രേരിപ്പിച്ച രാഷ്ട്രീയ നേതാക്കളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി നേതാക്കളുടെ ഇടപെടൽ വ്യക്തമാക്കുന്ന നിർണായക തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ഇഡി ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡിനായി എത്തിയപ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് വ്യാപക ആക്രമണമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ച പ്രവർത്തകർ, അവർ സഞ്ചരിച്ച വാഹനം കല്ലും ഇഷ്ടികയും ഉപയോഗിച്ച് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റ ഈ സംഭവത്തിൽ കണ്ടാലറിയാവുന്ന മുന്നൂറോളം പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് നിലവിൽ പോലീസ് കേസെടുത്തിട്ടുള്ളത്. കേസിൽ കക്ഷി ചേരുന്നതിലൂടെ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പൂർണ്ണമായും പുറത്തുകൊണ്ടുവരാനാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നീക്കം.



