ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം സമരവേദിയിൽ വർഗീയമോ വിദ്വേഷപരമോ ആയ മുദ്രാവാക്യങ്ങൾ വിളിച്ച് അന്തരീക്ഷം വഷളാക്കാൻ അനുവദിക്കില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. ‘ഭാരത് മാതാ കി ജയ്’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘ജയ് ഭീം’, ‘ധർമേന്ദ്ര പ്രധാൻ രാജിവെക്കുക’ എന്നീ നാല് പ്രധാന മുദ്രാവാക്യങ്ങൾക്ക് മാത്രമാണ് സമരവേദിയിൽ ഔദ്യോഗികമായി അനുമതിയുള്ളത്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് സി.ജെ.പി കൺവീനർ അഭിജീത് ദിപ്കെ ആവർത്തിച്ചു. ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ച് വെറുമൊരു സൂചന മാത്രമായിരുന്നെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് എത്തുമായിരുന്നെന്നും നേതാക്കൾ വ്യക്തമാക്കി.
സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കുള്ള നീക്കങ്ങൾ ഉണ്ടായെങ്കിലും, ചർച്ചകൾ നടക്കുന്ന സ്ഥലം സംബന്ധിച്ച അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഇത് നടപ്പിലായില്ല. ഡൽഹി പൊലീസ് മുഖേന കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയാണ് സി.ജെ.പി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ ഏതെങ്കിലും മന്ത്രിമാരുടെ ഓഫീസിലോ വസതിയിലോ ചർച്ചയ്ക്ക് പോകാൻ തങ്ങൾക്ക് താല്പര്യമില്ലെന്ന് സി.ജെ.പി അറിയിച്ചു. ചർച്ചകൾ സമരവേദിയിലോ സമീപത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലോ വെച്ച് നടത്താമെന്നാണ് പാർട്ടിയുടെ നിലപാട്. കഴിഞ്ഞ തിങ്കളാഴ്ച നഡ്ഡയുടെ ക്ഷണപ്രകാരം ചർച്ചയ്ക്ക് പോയ സമയത്താണ് പൊലീസ് സമരവേദി പൊളിച്ചുനീക്കിയതെന്നും, അത്തരം ചതികൾ ഇനി ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സി.ജെ.പി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.
അതിനിടെ, തിങ്കളാഴ്ച സമരസ്ഥലത്തുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യമായ നിയമസഹായം നൽകുന്നതിനും അതിക്രമങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രത്യേക ഹെൽപ് ലൈൻ നമ്പർ ആരംഭിക്കാൻ സി.ജെ.പി തീരുമാനിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ പരിക്കേറ്റ പൊലീസുകാരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്ന് രാജ്യസഭാ എം.പിയും സുപ്രീം കോടതി അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്.



