കാബൂൾ: അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള സുപ്രധാന പ്രവിശ്യകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെ അഫ്ഗാൻ വ്യോമപാത ലംഘിച്ചെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ കുനാർ, ഖോസ്റ്റ്, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിലെ സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് ബോംബുകൾ വർഷിച്ചതെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. താലിബാൻ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ചിത്രങ്ങൾ സഹിതം ഈ വിവരം പുറത്തുവിട്ടത്. പാകിസ്ഥാന്റെ ഈ നഗ്നമായ വ്യോമാതിർത്തി ലംഘനത്തെയും ക്രൂരമായ മാനുഷിക കുറ്റകൃത്യത്തെയും ശക്തമായി അപലപിക്കുന്നതായി താലിബാൻ അറിയിച്ചു. എന്നാൽ, ഈ വ്യോമാക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പാകിസ്ഥാൻ ഇതുവരെ തയ്യാറായിട്ടില്ല.
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ഹസൻ ഖേൽ സുരക്ഷാ പോസ്റ്റിന് നേരെ പാകിസ്ഥാൻ താലിബാൻ ഭീകരർ നടത്തിയ കനത്ത ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഈ പ്രതികാര നടപടിയുണ്ടായത്. ഭീകരരുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും സുരക്ഷാ സേന എട്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രാജ്യത്ത് നിരന്തരം അട്ടിമറി ആക്രമണങ്ങൾ നടത്തുന്ന ടി.ടി.പി ഭീകരർക്ക് അഫ്ഗാൻ താലിബാൻ സുരക്ഷിത താവളമൊരുക്കുന്നു എന്നാണ് പാകിസ്ഥാന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങളുടെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാൻ ഈ വാദങ്ങൾ പൂർണ്ണമായും നിഷേധിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ കനത്ത സൈനിക സംഘർഷമാണ് നിലനിൽക്കുന്നത്. ഇതിനിടയിൽ ചൈനയുടെ മധ്യസ്ഥതയിൽ താൽക്കാലിക വെടിനിർത്തൽ ധാരണയുണ്ടാക്കിയെങ്കിലും അത് പൂർണ്ണമായി ഫലം കണ്ടിരുന്നില്ല. അതിർത്തിയിലെ സാധാരണക്കാരെയും കുട്ടികളെയും കൊന്നൊടുക്കുന്ന പാകിസ്ഥാന്റെ ഈ നിരന്തര വ്യോമാക്രമണങ്ങളെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കൂട്ടക്കൊലകളെ വെറുമൊരു സൈനിക നടപടിയെന്ന് വിശേഷിപ്പിച്ചത് കൊണ്ട് മാത്രം പാകിസ്ഥാന്റെ കുറ്റം ഇല്ലാതാകുന്നില്ലെന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മേഖലയെ വീണ്ടും വലിയ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.



