മലയാളി സെയിൽസ്മാനെ റിയാദിലെ ബത്ഹയിൽ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: റിയാദിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ബത്ഹയിൽ മലയാളി യുവാവിനെ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പാണ്ടിക്കാട് പന്തല്ലൂർ സ്വദേശിയായ ഷിന്റോ ചാക്കോ (40) ആണ് മരിച്ചത്. റിയാദിലെ വിജയ് മസാല കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും ഷിന്റോ താമസസ്ഥലത്ത് എത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് സുഹൃത്തുക്കളും കമ്പനി അധികൃതരും അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ബത്ഹയിൽ നിർത്തിയിട്ടിരുന്ന കമ്പനിയുടെ വാഹനത്തിനുള്ളിൽ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സൗദി റെഡ് ക്രെസന്റ് വിഭാഗത്തെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

റിയാദ് പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ചാക്കോയാണ് മരിച്ച ഷിന്റോയുടെ പിതാവ്. മാതാവ്: മേരിക്കുട്ടി. ഭാര്യ: നീനു വർഗീസ്. മകൾ: മരിയ ഷിന്റോ. കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം കെ.കെ. കോയാമു ഹാജിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചു. കെ.എം.സി.സി ഭാരവാഹികളായ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ, അബ്ദുറഹ്മാൻ ചേലേമ്പ്ര എന്നിവരും കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവരും നിയമനടപടികൾ വേഗത്തിലാക്കാൻ രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles