ശബരിമല യുവതീപ്രവേശന ദിവസം എന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂർവ്വം മാറ്റിനിർത്തി; എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശം നടന്ന ദിവസം തന്നെയും അന്നത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും ബോധപൂർവ്വം അവിടെനിന്ന് മാറ്റിനിർത്തുകയായിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പാർട്ടിക്കുള്ളിലും ഭരണനേതൃത്വത്തിലും കടുത്ത സ്വാധീനമുള്ള ഒരു ഉന്നതനാണ് ഇതിനായി ചരടുവലിച്ചതെന്നും, യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ ടെലിവിഷൻ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കി. വരാനിരിക്കുന്ന തന്റെ ആത്മകഥയിൽ ഈ സംഭവങ്ങളെല്ലാം അക്കമിട്ട് നിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം ഡി.ജി.പി ശ്രീജിത്തിനെയും തന്നെയും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്ക് അടിയന്തരമായി എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫീസിലെ മുറിയിലെത്തി ടി.വി ഓണാക്കിയപ്പോഴാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച വിവരം താൻ പോലും അറിയുന്നത്. മാത്രമല്ല, അന്ന് അവിടെവെച്ച് കാണാൻ നിശ്ചയിച്ചിരുന്ന ഒരു ഉന്നത വ്യക്തിയെ കാണാനുള്ള അനുമതി പോലും തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും പത്മകുമാർ വെളിപ്പെടുത്തുന്നു. ഇതിനുപുറമെ, വിവാദമായ സ്വർണ്ണക്കൊള്ളക്കേസിൽ രജിസ്റ്ററിൽ ‘ചെമ്പുപാളി’ എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും, അതിൽ ഒപ്പിടാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും പത്മകുമാർ തുറന്നുപറയുന്നുണ്ട്.

അതേസമയം, പത്മകുമാറിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാൻ ഇരിക്കെ, അതിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്. പത്മകുമാറിനെതിരായ അച്ചടക്ക നടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഈ രാഷ്ട്രീയ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി വിഷയത്തിൽ എന്ത് നിലപാട് സ്വീകരിച്ചാലും, പാർട്ടിയിലെ മുതിർന്ന നേതാവായ പത്മകുമാറിനെതിരെയുള്ള അന്തിമ നടപടിയുടെ കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും അവസാന തീരുമാനം.

Related Articles

- Advertisement -spot_img

Latest Articles