വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് യു.എസ് സെനറ്റ് പാസാക്കിയ ‘യുദ്ധാധികാര പ്രമേയത്തെ’ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ നിലപാടുകൾ മൂലം ഇറാൻ നിലവിൽ പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണെന്നും, ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായി അവർ അമേരിക്കയെയും യു.എസ് പ്രസിഡന്റിനെയും ഭയപ്പെടാൻ തുടങ്ങിയ ഘട്ടത്തിലാണ് സെനറ്റ് ഇത്തരമൊരു മോശം നീക്കം നടത്തിയതെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ ട്രംപ് ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർമാരായ ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് ഇഷ്ടപ്പെടുന്നില്ലെന്ന തെറ്റായ സന്ദേശമാണ് ഈ പ്രമേയത്തിലൂടെ സെനറ്റ് നൽകിയിരിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇത് ശത്രുവിനെ സഹായിക്കുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും തുല്യമാണെന്നും അദ്ദേഹം കുറിച്ചു. പ്രമേയത്തെ അനുകൂലിച്ച് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്ത നാല് റിപ്പബ്ലിക്കൻ സെനറ്റർമാർക്കെതിരെയും ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ സെനറ്റർമാർ തന്റെ ജോലി കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നും, എന്നാൽ ഏത് പ്രതിസന്ധിയെയും മറികടന്ന് താൻ ലക്ഷ്യം കൈവരിക്കുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക നീക്കങ്ങൾ നടത്തരുതെന്ന് പ്രസിഡന്റിനോട് നിർദ്ദേശിക്കുന്നതാണ് ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഈ പ്രമേയം. ഇരുവിഭാഗവും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ട്രംപിന്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.



