“എന്നെ വധിക്കാൻ നോക്കിയാൽ ഇറാനെ നാമാവശേഷമാക്കും”; 1000 മിസൈലുകൾ സജ്ജമെന്ന് ട്രംപ്

വാഷിംഗ്ടൺ/ടെഹ്റാൻ: തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വധശ്രമമുണ്ടായാൽ ഇറാന്റെ എല്ലാ മേഖലകളെയും പൂർണ്ണമായി നാമാവശേഷമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖൊമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ ആയത്തുള്ള മുജ്തബ ഖൊമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി. കുറ്റവാളികളായ കൊലയാളികളിൽ നിന്ന് തങ്ങളുടെ നേതാവിന്റെയും മറ്റ് രക്തസാക്ഷികളുടെയും ചോരയ്ക്ക് തീർച്ചയായും പ്രതികാരം ചെയ്യുമെന്ന മുജ്തബ ഖൊമേനിയുടെ പ്രസ്താവന ഇറാൻ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടിരുന്നു. ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റതിന് ശേഷം മുജ്തബ ഖൊമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഖൊമേനിയുടെ വിലാപയാത്രകളിൽ ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന ബാനറുകൾ വ്യാപകമായി ഉയർന്നതും ഇസ്രായേൽ കൈമാറിയ പുതിയ രഹസ്യാന്വേഷണ വിവരങ്ങളുമാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്.

ശനിയാഴ്ച തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “അമേരിക്കൻ പ്രസിഡന്റിനെ, അതായത് എന്നെ വധിക്കാൻ ഇറാൻ സർക്കാർ മുതിർന്നാൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് നേരെ പ്രയോഗിക്കാൻ 1000 മിസൈലുകൾ ഇപ്പോൾ പൂർണ്ണ സജ്ജമായി ലക്ഷ്യം വെച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും വരും. ഇറാന്റെ എല്ലാ മേഖലകളെയും പൂർണ്ണമായി തകർക്കാൻ യുഎസ് സൈന്യത്തിന് ഇതിനകം തന്നെ ഉത്തരവ് നൽകിക്കഴിഞ്ഞു.”

ഈ ആഴ്ച ആദ്യം ഒമാനിലും ഖത്തറിലും ഉള്ള എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെ തുടർന്ന് അമേരിക്ക നടത്തിയ വ്യോമാക്രമണത്തോടെ താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. എങ്കിലും സമാധാന ചർച്ചകൾ പൂർണ്ണമായി അവസാനിപ്പിച്ചിട്ടില്ലെന്നാണ് സൂചനകൾ. ചർച്ചകൾ തുടരാൻ ഇറാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അതിന് തങ്ങൾ തയ്യാറാണെന്നും എന്നാൽ വെടിനിർത്തൽ അവസാനിച്ച കാര്യം വ്യക്തമാക്കിയതായും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, പാകിസ്ഥാൻ മധ്യസ്ഥത വഹിച്ച ധാരണകളിൽ നിന്നും അമേരിക്ക പിന്മാറിയാൽ പൂർണ്ണമായ പ്രതിരോധത്തിന് രാജ്യം സജ്ജമാണെന്ന് ഇറാന്റെ മുഖ്യ ചർച്ചാപ്രതിനിധിയും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കി. ഈ സംഘർഷം ഇറാന്റെ കീഴടങ്ങലോടെ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles