നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ

പാലക്കാട്: കേരള മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി പോത്തുണ്ടി സ്വദേശി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വം’ എന്ന വിഭാഗത്തിൽപ്പെടുന്നതാണെന്ന് വിലയിരുത്തിയ കോടതി, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിക്കൊണ്ട് സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. മുൻകാലങ്ങളിലെ വിവിധ സമാന കേസുകളുടെ റെഫറൻസുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയിൽ പ്രതിക്ക് യാതൊരു ഇളവും നൽകരുതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴും യാതൊരു മാനസാന്തരവുമില്ലാതെയായിരുന്നു ചെന്താമരയുടെ പെരുമാറ്റം. എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് യാതൊരു ഭാവഭേദവുമില്ലാതെ “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു ഇയാൾ കോടതിയോട് മറുപടി പറഞ്ഞത്. ഇയാൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

2025 ജനുവരി 27-നായിരുന്നു നാടിനെ നടുക്കിയ പോത്തുണ്ടിയിലെ ദാരുണ സംഭവം നടന്നത്. അയൽവാസികളായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ജനുവരി 28-ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിനടുത്തുള്ള വയലിൽ വെച്ചാണ് പൊലീസ് സാഹസികമായി പിടികൂടിയത്. നാട്ടുകാരുമായി ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയ പൊലീസ്, തിരച്ചിൽ അവസാനിപ്പിച്ചെന്ന പ്രതീതി സൃഷ്ടിച്ചാണ് ഇയാളെ വീട്ടു വഴിയിൽ വെച്ച് കുടുക്കിയത്. മുൻപ് 2019-ൽ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നും, ഇരുവരും കൂടോത്രം ചെയ്തതിനാലാണ് ഭാര്യ തന്നിൽ നിന്ന് അകന്നതെന്നും ഇയാൾ ഉറച്ചു വിശ്വസിച്ചിരുന്നു. ഈ കടുത്ത വൈരാഗ്യത്തിലാണ് സജിതയെ വധിച്ചത്. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ്, അതേ പകയിൽ സുധാകരനെയും അമ്മയെയും ഇയാൾ ക്രൂരമായി വെട്ടിക്കൊന്നത്.

ചെന്താമര മാത്രം ഏക പ്രതിയായ ഈ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണ് ആകെയുണ്ടായിരുന്നത്. ഇതിൽ പ്രതിയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ എന്നിവരുൾപ്പെടെ 52 സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്തരിച്ചു. മുപ്പതിലധികം നിർണ്ണായക രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സമഗ്രമായ അന്വേഷണത്തിനും വിചാരണയ്ക്കും ഒടുവിലാണ് പ്രതി അർഹിക്കുന്ന പരമാവധി ശിക്ഷയിലേക്ക് കോടതിയെത്തിച്ചേർന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles