പരീക്ഷാ തട്ടിപ്പ്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം; ലാത്തിച്ചാർജ്

ന്യൂഡൽഹി: രാജ്യത്തെ തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രക്ഷോഭകർക്ക് നേരെ പൊലീസ് ലാത്തി വീശി. പാർലമെന്റിന്റെ പുതിയ സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് ഡൽഹി പൊലീസ് മുൻകൂർ അനുമതി നൽകിയിരുന്നില്ല. സമരം ജന്തർമന്തറിൽ തന്നെ തടയുന്നതിനായി കനത്ത സുരക്ഷാ സന്നാഹമാണ് ഡൽഹി പൊലീസ് ഒരുക്കിയിരുന്നത്. പ്രദേശത്തേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ചെങ്കിലും, കനത്ത സുരക്ഷയെ മറികടന്ന് രാവിലെ തന്നെ നൂറുകണക്കിന് പ്രവർത്തകരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയത്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹിയിലെ പ്രധാനപ്പെട്ട അഞ്ച് മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) താൽക്കാലികമായി നിർത്തിവെച്ചു. ജൻപഥ്, രാജീവ് ചൗക്, പട്ടേൽ ചൗക്, സെൻട്രൽ സെക്രട്ടറിയേറ്റ്, സേവാതീർത്ഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. മേലധികാരികളുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്റ്റേഷനുകളിൽ മെട്രോ സർവീസുകൾ ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, പരീക്ഷാ തട്ടിപ്പുകൾക്കെതിരെ 20 ദിവസത്തിലധികമായി നിരാഹാര സമരം തുടരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് താൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് എക്‌സിലൂടെ പ്രഖ്യാപിച്ചു. പരീക്ഷാ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുക, പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾ ഈ വിഷയം സഭയിൽ ഉന്നയിക്കാമെന്ന് ഉറപ്പുനൽകുക, അല്ലെങ്കിൽ താൻ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി എം.പിമാർ ഈ ഉറപ്പ് നൽകുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഉപാധികൾ. നിലവിൽ ആശുപത്രിയിൽ താൻ അനധികൃത തടങ്കലിലാണെന്നും, സഞ്ചാര സ്വാതന്ത്ര്യവും സംസാരിക്കാനുള്ള അവകാശവും ഭരണകൂടം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ഗൗരവകരമായി ആരോപിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles