മസ്കറ്റ്/ലണ്ടൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം. പ്രൊജക്റ്റൈൽ (മിസൈലോ ഡ്രോണോ) പതിച്ച് വൻ തീപിടുത്തമുണ്ടായതിനെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു. ഒമാന്റെ വടക്കൻ അതിർത്തിയിലുള്ള കുമ്സാറിന് 8 നോട്ടിക്കൽ മൈൽ (ഏകദേശം 15 കിലോമീറ്റർ) വടക്കുപടിഞ്ഞാറായിട്ടാണ് സംഭവം. തക്കസമയത്ത് പ്രദേശത്തുണ്ടായിരുന്ന ടഗ് ബോട്ടിന്റെ സഹായത്തോടെ ജീവനക്കാരെല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു.
അതേസമയം, കപ്പലിലെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ സമുദ്രത്തിൽ ഒഴുക്കിൽപെട്ടു കിടക്കുകയാണെന്നും യുകെഎംടിഒ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വിവരമറിയിക്കാൻ നിർദ്ദേശിച്ച സമുദ്ര സുരക്ഷാ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര കപ്പൽ പാതയിലുണ്ടായ ഈ ആക്രമണം ആഗോള കടൽ ഗതാഗതത്തിലും ഊർജ്ജ വിപണിയിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.



