സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഹൂതികൾ; ചെങ്കടലിൽ സംഘർഷവും ആശങ്കയും വർദ്ധിക്കുന്നു

സനാ: സൗദി അറേബ്യയുമായുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ, സൗദിക്ക് നേരെ സമുദ്ര ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. “പകരം വീട്ടൽ” എന്ന നയത്തിന്റെ ഭാഗമായാണ് സൗദി ബന്ധമുള്ള കപ്പലുകൾക്ക് മേൽ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി ഔദ്യോഗിക ടെലിവിഷൻ സന്ദേശത്തിലൂടെ അറിയിച്ചു. തങ്ങളുടെ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും മേൽ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും, കഴിഞ്ഞ ആഴ്ച സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിനും ഉള്ള തിരിച്ചടിയാണ് ഈ നീക്കമെന്ന് ഹൂതികൾ വ്യക്തമാക്കുന്നു. സന വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ മിസൈലാക്രമണം നടത്തിയതിനെ തുടർന്ന് വർഷങ്ങളായി തുടർന്നുവന്നിരുന്ന താൽക്കാലിക സമാധാനം തകരുകയും ഇരുവിഭാഗവും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തിരുന്നു.

സൗദി അറേബ്യ തങ്ങളുടെ ഭാഗത്തുനിന്നും സൈനിക നീക്കങ്ങൾ ശക്തമാക്കിയാൽ കടുത്ത രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൂതി വക്താവ് മുന്നറിയിപ്പ് നൽകി. ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണക്കയറ്റുമതിയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും നേരിട്ട് ബാധിക്കുന്നതാണ് ഹൂതികളുടെ ഈ പ്രഖ്യാപനം. നിലവിൽ ഹോർമൂസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷങ്ങൾ കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ചെങ്കടൽ പാതയിലെ ഈ പുതിയ ഭീഷണി ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, ഹൂതികളുടെ ഉപരോധ പ്രഖ്യാപനത്തെക്കുറിച്ച് സൗദി അറേബ്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Related Articles

- Advertisement -spot_img

Latest Articles