ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്തിയ മാർച്ച് തലസ്ഥാന നഗരിയെ പിടിച്ചുലച്ചു. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നടന്ന ശക്തമായ പ്രതിഷേധത്തെ ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് ബലപ്രയോഗത്തിലൂടെ തടഞ്ഞു. പൊലീസിന്റെ കടുത്ത നടപടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. പൊലീസിന് വഴങ്ങാതിരുന്ന മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്ത് വലിച്ചിഴച്ച് വാഹത്തിൽ കയറ്റുകയായിരുന്നു. പ്രിയങ്ക ഗാന്ധി എം.പി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരക്കാരുമായി സർക്കാർ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് പൊലീസ് കൂട്ട അറസ്റ്റിലേക്ക് കടന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ളവർ അണിനിരന്നു. കൈകൾ കൂട്ടിക്കെട്ടിയാണ് നേതാക്കൾ സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിൽ അപ്രതീക്ഷിതമായി സംഘടിപ്പിക്കപ്പെട്ട മാർച്ചിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിൽ വൻ സുരക്ഷാ സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പി.എം.ഒ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും പ്രതിപക്ഷ നേതാവുമായി ആഭ്യന്തര സെക്രട്ടറിയും ചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല.
സി.ജെ.പി സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും പൊലീസ് മർദ്ദനമേറ്റ വിദ്യാർത്ഥികളോട് മാപ്പ് പറയാൻ പോലുമുള്ള മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ജൂൺ 20 മുതൽ ആരംഭിച്ച സമരം ഡൽഹി പൊലീസ് ജന്തർ മന്തറിൽ നിന്നും തടയാൻ ശ്രമിച്ചെങ്കിലും, പ്രവർത്തകർ ടെന്റുകളും താൽക്കാലിക വേദിയും പുനഃസ്ഥാപിച്ച് പ്രക്ഷോഭം ശക്തമായി തുടരുകയാണ്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസും സി.ജെ.പിയും.



