ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ സുരക്ഷിതമല്ലാത്ത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകളിൽ വൻ സ്ഫോടനവും അതിനെ തുടർന്ന് കനത്ത തീപിടുത്തവും ഉണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . കപ്പലുകൾക്ക് തീപിടിച്ചതിനെ തുടർന്ന് ഇവയുടെ യാത്ര സ്തംഭിച്ചതായും കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അമേരിക്കൻ സൈന്യത്തിന്റെ തെറ്റായ നിർദ്ദേശങ്ങളും വിവരങ്ങളും വിശ്വസിച്ച് അപകടകരമായ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറാൻ ആരോപിച്ചു. വ്യോമ-സമുദ്ര പാതകൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പലുകൾ അയക്കരുതെന്ന് വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിൽ അമേരിക്കയുടെ അധിനിവേശവും ആക്രമണങ്ങളും തുടരുന്നിടത്തോളം കാലം ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ, വാതക വിതരണം പൂർണ്ണമായും തടയുമെന്നും ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് ആവർത്തിച്ചു. യുഎസ് വ്യോമാക്രമണങ്ങൾ കടുക്കുന്നതിനിടയിൽ സമുദ്രപാതയിൽ ഉണ്ടായ ഈ സംഭവം ആഗോള ഇന്ധന വിപണിയെയും വ്യതിയാനങ്ങളെയും കൂടുതൽ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.



