രക്ഷാപ്രവർത്തനം; കേസ് അട്ടിമറി ആരോപണം നിഷേധിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ നിഷേധിച്ച് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ രംഗത്ത്. അന്വേഷണ സംഘ തലവൻ എസ്.പി ഷൗക്കത്തലി സമർപ്പിച്ച റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടിയായി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറിന് രേഖാമൂലം വിശദീകരണം നൽകി. ഈ വിശദീകരണ റിപ്പോർട്ട് ഡി.ജി.പി നിലവിൽ വിശദമായി പരിശോധിച്ചു വരികയാണ്.

കേസ് ഡയറി തിരുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ താൻ വയനാട് ദുരന്തമേഖലയിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപന ചുമതലയിലായിരുന്നുവെന്നാണ് എ.ഡി.ജി.പി അജിത്കുമാർ വിശദീകരണത്തിൽ ഉന്നയിക്കുന്നത്. കൂടാതെ, അന്നത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന ഔദ്യോഗിക പദവിയിലുള്ള ബാധ്യതയുടെ ഭാഗമായി മാത്രമാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്വേഷണത്തിൽ പഴുതുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലാണ് സർക്കാർ.

ഡി.ജി.പി എ.ഡി.ജി.പിയുടെ വിശദീകരണവും എസ്‌.ഐ.ടിയുടെ റിപ്പോർട്ടും നിയമോപദേശവും അടക്കം പരിശോധിച്ച ശേഷം ശുപാർശയോടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഈ മാസം 31-ന് എ.ഡി.ജി.പിക്ക് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട സാഹചര്യത്തിൽ, പോലീസ്‌ മേധാവിയുടെ ശുപാർശ അജിത്കുമാറിന്റെ ഔദ്യോഗിക ഭാവിയിൽ നിർണ്ണായകമാകും.

 

 

Related Articles

- Advertisement -spot_img

Latest Articles