കോഴിക്കോട്: പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവുമാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരെ എപ്പോഴും സവിശേഷമാക്കിയിരുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. വ്യത്യസ്ത സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും വ്യക്തിപരമായ വലിയ അടുപ്പവും പക്വമായ ഇടപെടലുകളും കാത്തുസൂക്ഷിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സംഘടനാപരമായ ഭിന്നതകൾ രൂക്ഷമായ ഘട്ടങ്ങളിൽ പോലും ആരോടും മോശമായ രീതിയിൽ സംസാരിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോൾ കണ്ടുമുട്ടിയാലും സലാം പറഞ്ഞ് ബന്ധം പുതുക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്നത് തങ്ങൾക്കിടയിലെ പതിവായിരുന്നു. സമസ്തയുടെ ഐക്യത്തിനായി പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുണ്ടെന്നും സുന്നി പ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന ഒരുമയും സഹകരണവും സാധ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്ക് വലിയ പങ്കുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
തനിക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ട വേളയിൽ തന്റെ മകനോടും മരുമകനോടും അദ്ദേഹം സുഖവിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നത് കാന്തപുരം ഓർത്തെടുത്തു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ താനും നിരന്തരം അന്വേഷിക്കാറുണ്ടായിരുന്നു. ധാരാളം മതപണ്ഡിതരെ വാർത്തെടുക്കുകയും സമൂഹത്തിന്റെ നന്മയ്ക്കായി നിരന്തരം നിലകൊള്ളുകയും ചെയ്ത മുതിർന്നൊരു പണ്ഡിതന്റെ വിയോഗമാണ് ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്. കുടുംബത്തിന്റെയും ശിഷ്യരുടെയും സ്‌നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു.



