അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ; ഇറാഖി മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു

ടെഹ്‌റാൻ: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാഖി മധ്യസ്ഥതയിലൂടെ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഇറാൻ ഔദ്യോഗികമായി തള്ളി. താത്കാലിക കരാറുകൾക്ക് തങ്ങളില്ലെന്ന ഉറച്ച നിലപാടോടെയാണ് അമേരിക്കൻ നിർദ്ദേശം ഇറാൻ നിരസിച്ചത്. വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറാഖി പ്രധാനമന്ത്രി അലി അൽ-സൈദി നേരിട്ട് ടെഹ്റാനിലെത്തിയാണ് സമാധാന സന്ദേശം കൈമാറിയത്. എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ ഭാവി സുരക്ഷിതമാക്കാത്തതും സ്ഥിരപരിഹാരം കാണാത്തതുമായ യാതൊരു താത്കാലിക കരാറിനും തങ്ങൾ തയാറല്ലെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കി.

മെയ് മാസത്തിൽ അധികാരമേറ്റ ശേഷം അൽ-സൈദി നടത്തുന്ന ആദ്യ ഔദ്യോഗിക ഇറാൻ സന്ദർശനമായിരുന്നു ഇത്. ഉന്നതതല മന്ത്രിതല സംഘത്തോടൊപ്പം എത്തിയ അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, മേഖലയിലെ വികസനങ്ങൾ, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ചർച്ച നടത്തി. മുൻ കരാറുകൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും വ്യാപാരം, ഊർജ്ജം, ഗതാഗതം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും സംസാരിച്ചു. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായും അൽ-സൈദി കൂടിക്കാഴ്ച നടത്തി. അതേസമയം, ഭീഷണി തുടർന്നാൽ അടങ്ങിയിരിക്കില്ലെന്ന് ഇറാൻ ട്രംപിന് മുന്നറിയിപ്പ് നൽകി. ടെഹ്റാനെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി യാഥാർത്ഥ്യമായാൽ കൂടുതൽ വിശാലമായ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണമുണ്ടായാൽ ടെൽ അവീവിനെ ലക്ഷ്യം വെക്കുമെന്നും, ബാബ് അൽ-മൻദബ് കടലിടുക്ക് അടച്ചുപൂട്ടാൻ യെമനിലെ ഹൂതി സംഘത്തോട് ആവശ്യപ്പെട്ട് യുദ്ധം വ്യാപിപ്പിക്കുമെന്നും ഇറാൻ ഓർമ്മിപ്പിച്ചു.

ഇറാഖ് വഴിയുള്ള സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സൈനികാക്രമണങ്ങൾ അമേരിക്ക കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇറാനിൽ തുടർച്ചയായ പതിമൂന്നാം ദിവസവും യു.എസ് സൈന്യം രൂക്ഷമായ വ്യോമാക്രമണം നടത്തി. സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന മിസൈൽ ആക്രമണം രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. ഇറാനിലെ സൈനിക കമാൻഡ് സെന്ററുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമുദ്ര മേഖലയിലെ ഭീഷണികൾ തടയുന്നതിനുമാണ് ആക്രമണമെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും, ഇറാനിലെ അഹ്വാസ് നഗരത്തിന് സമീപമുണ്ടായ യു.എസ് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, തങ്ങളുടെ എണ്ണ വിൽപ്പന തടസ്സപ്പെടുത്തിയാൽ മേഖലയിൽ നിന്ന് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മൂന്ന് എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ തടഞ്ഞതായി ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നിർദ്ദേശം കേട്ട് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണത്തിൽ ഒരു കപ്പലിന് പൂർണ്ണമായി തീപിടിച്ചെന്നും മറ്റു രണ്ടു കപ്പലുകൾ വഴിമാറി സഞ്ചരിച്ചെന്നും ഇറാൻ സൈന്യം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles