ആലപ്പുഴ: പ്രവാസികളും മടങ്ങിയെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും പ്രവാസികളാണ് നാടിന്റെ നട്ടെല്ലെന്നും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ഡാണാപ്പടി ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾ വിദേശത്തും നാട്ടിലും നിരവധി നിയമപരവും സാമൂഹികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ നിയമാവബോധവും സമയബന്ധിതമായ നിയമസഹായവും ലഭ്യമായാൽ ഇതിൽ ഭൂരിഭാഗവും പരിഹരിക്കാൻ സാധിക്കും. സർക്കാരിന്റെ ക്ഷേമപദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുന്നതിനും പ്രവാസികളുടെ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പ്രവാസി ലീഗൽ സെൽ ശക്തമായ ഒരു പാലമായി പ്രവർത്തിക്കണം. പ്രവാസികളുടെ അവകാശസംരക്ഷണം, പുനരധിവാസം, ക്ഷേമം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ പി.എൽ.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജയൻ ചെങ്ങന്നൂർ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡന്റും മുൻ ജില്ലാ ജഡ്ജിയുമായ പി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമബോധവത്കരണവും സർക്കാർ സംവിധാനങ്ങളുമായുള്ള ഏകോപനവും കാര്യക്ഷമമായ പരാതിപരിഹാര സംവിധാനവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസി പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യുക, ക്ഷേമനിധി അംഗത്വത്തിനുള്ള 60 വയസ്സ് പ്രായപരിധി ഒഴിവാക്കുക, മടങ്ങിയെത്തിയവരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക, അനധികൃത വിദേശ റിക്രൂട്ട്മെന്റിനെതിരായ ടാസ്ക് ഫോഴ്സ് ശക്തിപ്പെടുത്തുക, നിർദേശിക്കപ്പെട്ട എൻ.ആർ.ഐ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ എസ്.ഒ.പി ഉടൻ പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങൾ പി.എൽ.സി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ ഉന്നയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ പാസ്പോർട്ട് ഫീസ് വർധനവിനെതിരെ പി.എൽ.സി നൽകിയ പൊതുതാത്പര്യ ഹരജിയിൽ, സമയബന്ധിതമായി തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകിയ കാര്യവും അദ്ദേഹം വിശദീകരിച്ചു.
അനധികൃത വിദേശ റിക്രൂട്ട്മെന്റിനെയും വിദേശവിദ്യാഭ്യാസ കൺസൾട്ടൻസികളെയും നിയന്ത്രിക്കാനുള്ള കരടുനിയമം അടിയന്തരമായി പൂർത്തിയാക്കി നിയമസഭയിൽ അവതരിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിർബന്ധിത രജിസ്ട്രേഷൻ, ഫീസ് നിയന്ത്രണം, തട്ടിപ്പുകാരുടെ സ്വത്ത് അറ്റാച്ച് ചെയ്ത് ഇരകൾക്ക് നഷ്ടപരിഹാരം നൽകൽ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ രാമചന്ദ്രൻ, പി.എൽ.സി സംസ്ഥാന കോ-ഓർഡിനേറ്റർ ബെന്നി പെരിക്കിലത്ത്, സൗദി ഓൺലൈൻ റിപ്പോർട്ടർ നസ്രുദീൻ വി.ജെ, സ്വാഗതസംഘം ചെയർമാൻ ഷറഫുദ്ദീൻ ചോയ്സ് പ്ലാസ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.



