തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു. തോന്നയ്ക്കൽ സായിഗ്രാം കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ വിഘ്‌നേഷിനാണ് വെട്ടേറ്റത്. കോളേജിന് പുറത്തുള്ള പൊതു ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു ദാരുണമായ ഈ ആക്രമണം നടന്നത്.
പ്രദേശവാസികളായ രണ്ടുപേരും വിഘ്‌നേഷും തമ്മിൽ ബസ് സ്റ്റോപ്പിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തർക്കത്തിനിടയിൽ എതിരാളികൾ മാരകായുധം ഉപയോഗിച്ച് വിഘ്‌നേഷിനെ വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്‌നേഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസും ശാസ്ത്രീയ അന്വേഷണ സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



