മുംബൈ: വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ മുസ്‍ലിം നേതാക്കളെ ചേർത്തുപിടിക്കുകയും ‘എന്റെ സഹോദരൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വന്തം നാട്ടിലെ മുസ്‍ലിങ്ങളോട് തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് ശിവസേന (യു.ബി.ടി) വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് ചോദിച്ചു. വിദേശരാജ്യങ്ങളിലെ പള്ളികൾ സന്ദർശിക്കാനും ഭരണാധികാരികളെ ഭായി (സഹോദരൻ) എന്ന് വിളിക്കാനും കാണിക്കുന്ന അതേ താല്പര്യം ഭാരതീയരായ മുസ്‍ലിങ്ങളോട് കേന്ദ്ര സർക്കാർ കാണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നവരാത്രി-ഗർബാ ആഘോഷങ്ങളിൽ മുസ്‍ലിംങ്ങൾക്ക് പ്രവേശനം നിഷേധിക്കണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെയും (വി.എച്ച്.പി) ചില ബി.ജെ.പി നേതാക്കളുടെയും നിലപാടിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ പ്രധാനമന്ത്രി അവിടെയുള്ള മുസ്‍ലിംകളെ സഹോദരങ്ങളായി കാണുന്നു. എന്നാൽ സ്വന്തം രാജ്യത്തുള്ള മുസ്‍ലിംകളെ ശത്രുക്കളായി മാറ്റുന്നത് എങ്ങനെ ശരിയാകും? വിദേശത്ത് സഹോദരങ്ങളും സ്വന്തം നാട്ടിൽ ശത്രുക്കളും എന്ന നിലപാട് ഇരട്ടത്താപ്പാണ്” – സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയിൽ ഗർബാ, ദാണ്ടിയ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ ഹിന്ദു ഐഡന്റിറ്റി പരിശോധിക്കാൻ ആധാർ കാർഡ് അടക്കം പരിശോധിക്കണമെന്ന പ്രചാരണം കനക്കുന്നതിനിടെയാണ് റാവത്തിന്റെ വിമർശനം. എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകണമെന്ന നിലപാടിനെ പിന്തുണച്ച അദ്ദേഹം, കേന്ദ്ര ഭരണകൂടത്തിന്റെയും അനുബന്ധ സംഘടനകളുടെയും മതപരമായ ധ്രുവീകരണ നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.



