കങ്കണയ്ക്ക് പക്വതയില്ല; സ്വന്തം പാർട്ടി പോലും അവരെ ഗൗരവമായി കാണുന്നില്ലെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) വക്താവ് സൗരവ് ദാസ്. കങ്കണയ്ക്ക് രാഷ്ട്രീയ പക്വതയില്ലെന്നും സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പോലും അവരെ ഗൗരവമായി പരിഗണിക്കുന്നില്ലെന്നും സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാർട്ടി തള്ളിക്കളയുന്ന ഒരാളെ യുവതലമുറയോ ‘ജെൻ സി’യോ ‘ജെൻ ആൽഫ’യോ കാര്യമായി എടുക്കേണ്ടതില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

പാർലമെന്റ് അംഗമായാൽ വലിയ പണിയൊന്നുമെടുക്കേണ്ടി വരില്ലെന്നാണ് താൻ കരുതിയിരുന്നതെന്ന് മണ്ഡലമായ ഹിമാചൽ പ്രദേശിൽ വെച്ച് കങ്കണ പറഞ്ഞത് ചൂണ്ടിക്കാട്ടിയ സൗരവ് ദാസ്, ഒരു എം.പി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് അവർ കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് കൂട്ടിച്ചേർത്തു.

നേരത്തെ, നീറ്റ് വിഷയത്തിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും അതിന്റെ ഭാഗമായി പ്രചരിച്ച സോഷ്യൽ മീഡിയ റീലുകളെയും അധിക്ഷേപിച്ചുകൊണ്ട് കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. സമരക്കാരുടെ റീലുകൾ കണ്ട് തനിക്ക് ഛർദ്ദിക്കാൻ തോന്നുന്നുവെന്നും കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിക്കുന്ന ഇവരെ ആരാണ് വളർത്തുന്നതെന്നും അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചിരുന്നു. രാജ്യത്തോടും ഭരണനേതൃത്വത്തോടും എതിർപ്പുള്ളതുകൊണ്ട് കേട്ടാലറയ്ക്കുന്ന ഭാഷ ഉപയോഗിച്ചാൽ വോട്ട് ചെയ്ത് സർക്കാരിനെ അധികാരത്തിലേറ്റിയവരുടെ പ്രതികരണവും കേൾക്കേണ്ടി വരുമെന്നും കങ്കണ മുന്നറിയിപ്പ് നൽകിയിരുന്നു. കങ്കണയുടെ ഈ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സി.ജെ.പി വക്താവ് മറുപടിയുമായി രംഗത്തെത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles