ഐഷെ ഘോഷിനെതിരായ അറസ്റ്റ് നീക്കം ഭീരുത്വം; പോലീസ് വേട്ട തുടർന്നാൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ നീക്കത്തെ രൂക്ഷമായി അപലപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഐഷെ ഘോഷിനെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമം കേവലം ഭീരുത്വവും അത്യന്തം അപലപനീയവുമാണെന്ന് സി.ജെ.പി എക്‌സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രതിഷേധിച്ച വിദ്യാർത്ഥികളെ വേട്ടയാടാൻ പോലീസ് നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും ഈ പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വീണ്ടും സമാധാനപരമായ വൻ പ്രതിഷേധത്തിലേക്ക് കടക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. “പാറ്റകൾ മരിക്കില്ല, നമ്മൾ ഇപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്, അത് ഞങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല” എന്ന് സി.ജെ.പി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളെ ലക്ഷ്യംവെക്കുന്നതും വേട്ടയാടുന്നതും സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. പോലീസ് പീഡനം തുടരുകയാണെങ്കിൽ കോക്രോച്ച് ജനതാ പാർട്ടി വീണ്ടും വൻ ജനപങ്കാളിത്തത്തോടെ സമാധാനപരമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് ശ്രമിച്ചെങ്കിലും ജോൺ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെ തുടർന്ന് അവർക്ക് മടങ്ങേണ്ടി വന്നിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലും ജന്തർ മന്ദറിലെ സമരത്തിലും ഐഷെ ഘോഷ് സജീവ പങ്കാളിയായിരുന്നു.

ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഈ മാസം 25-നാണ് സി.ജെ.പി 35 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്നും പുതിയ കേസുകൾ എടുക്കില്ലെന്നും സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, കരാർ ലംഘിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും പോലീസ് പുതിയ കേസുകൾ ചുമത്തുകയും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയുമാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. ഈ പ്രതികാര നടപടികൾ കേന്ദ്ര സർക്കാർ ഉടൻ നിർത്തിവെച്ചില്ലെങ്കിൽ വീണ്ടും സമരരംഗത്തിറങ്ങുമെന്ന് സംഘടന വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles