കുണ്ടറ കസ്റ്റഡി മരണം: ആരോപണവിധേയനായ സി.പി.ഒ സസ്പെൻഷനിൽ; ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് മെമ്മോ

കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സി.പി.ഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. സിയാദ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഗുരുതരമായ അച്ചടക്കലംഘനവും ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവിട്ടത്. കൂടാതെ, സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും മെമ്മോ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശിയായ സിയാദ് (39) ആണ് പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിതനായതിന് പിന്നാലെ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ജൂൺ 16-ന് രാത്രിയിലാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് കസ്റ്റഡിയിലെടുത്ത സിയാദിനെ വിട്ടുകിട്ടാനായി കുടുംബം പിറ്റേന്ന് പുലർച്ചെ വരെ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നെങ്കിലും മോചിപ്പിച്ചിരുന്നില്ല. തുടർന്ന്, കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ പോലീസ് വിട്ടയച്ചത്.

എന്നാൽ, പോലീസിന്റെ ക്രൂരമായ മർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. പോലീസ് ജീപ്പിൽ കയറ്റുമ്പോൾ മുതൽ മർദ്ദനം ആരംഭിച്ചിരുന്നതായും, സി.പി.ഒ ശ്രീജിത്തിന് പുറമെ എസ്.ഐ അതുലും ക്രൂരമായി മർദ്ദിച്ചതായി കുടുംബം വ്യക്തമാക്കുന്നു. കസ്റ്റഡിയിൽനിന്ന് മടങ്ങിപ്പോന്ന സിയാദിന് കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് ഒടിവുണ്ടാവുകയും ഇൻഫെക്ഷൻ ബാധിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Related Articles

- Advertisement -spot_img

Latest Articles