കാഠ്മണ്ഡു: ദക്ഷിണ നേപ്പാളിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ജനങ്ങളോട് സമാധാനവും സംയമനവും പാലിക്കാൻ അഭ്യർത്ഥിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ. മാർച്ച് മാസം അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നാട്ടിൽ സമാധാനം തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഞായറാഴ്ചയാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഒരു ഹിന്ദു മതഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണി ഉപയോഗിച്ചതിനെയും മതപരമായ പതാകകൾ സ്ഥാപിച്ചതിനെയും ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് വൻ സംഘർഷമായി മാറിയത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തുടർന്ന് സമീപ ജില്ലയായ സിറഹയിൽ നിരോധനാജ്ഞ ലംഘിച്ച് നടന്ന പ്രതിഷേധത്തിനിടെ വ്യാഴാഴ്ച മൂന്നാമതൊരാൾ കൂടി കൊല്ലപ്പെടുകയായിരുന്നു. അക്രമങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ സുൻസരിയിലും സമീപ ജില്ലകളിലും നിലവിൽ കർഫ്യൂവും നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. സ്ഥിതിഗതികൾ ശാന്തമാക്കാൻ സുരക്ഷാ സേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.



