തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി രാഷ്ടീയ വൃത്തങ്ങളിൽ വിവാദം പുകയുന്നു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായി മുഖ്യമന്ത്രി ഔദ്യോഗിക ഹെലികോപ്റ്റർ വ്യക്തിപരമായ ആവശ്യത്തിന് ദുരുപയോഗം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കോ മാത്രം വിനിയോഗിക്കേണ്ട സർക്കാർ സംവിധാനം വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തിൽ മുൻമന്ത്രി എം.ബി. രാജേഷും എം.എൽ.എ വി. ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. വി.ഡി. സതീശൻ ഇതിനകം രണ്ടുതവണ ഇത്തരം വ്യക്തിഗത ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന് എം.ബി. രാജേഷ് ആരോപിച്ചു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് യാത്ര പൂർത്തിയാക്കാനാവാതെ തിരികെ ഇറങ്ങേണ്ടിവന്ന സംഭവത്തെ പരിഹസിച്ച് ‘ഹെലികോപ്റ്ററിൽ യുടേൺ’ എന്നാണ് വി. ശിവൻകുട്ടി കുറിച്ചത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെ ധൂർത്തെന്നും ദുർവ്യയമെന്നും വിശേഷിപ്പിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ അതേ രീതി ആവർത്തിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. എന്നാൽ, ഉയർന്നുവന്ന ആരോപണങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.



