സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഉരുൾപൊട്ടലിലും ഒഴുക്കിൽപ്പെട്ടും രണ്ടു ജില്ലകളിലായി 7 മരണം, റാന്നിയിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നതിനിടെ മലപ്പുറത്തും കോട്ടയം, ഇടുക്കി ജില്ലകളിലുമായി ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറം ജില്ലയിലെ വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി (3) മരിച്ചു. നേരത്തെ കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരനായ ആദം ഐമനും തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണി (24), അമ്മ റജീന എന്നിവരാണ് മരിച്ചത്. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിനു മുകളിലേക്ക് മണ്ണുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും ജീവൻ വെടിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ പൂർണ്ണമായും മുങ്ങി ഗതാഗതം താറുമാറായി. പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇവിടെ വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഡിങ്കി ബോട്ടുകൾ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇടുക്കിയിലെ ഏലപ്പാറ, മുട്ടം, നെല്ലാപ്പാറ എന്നിവിടങ്ങളിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles