ഡെട്രോയിറ്റ്, മിഷിഗൺ: ഇസ്രയേൽ അനുകൂല ലോബികളുടെയും ഐപാക്കിന്റെയും (AIPAC) കോടിക്കണക്കിന് ഡോളറിന്റെ പ്രചാരണങ്ങളെ കാറ്റിൽപ്പറത്തി യു.എസ് സെനറ്റിലേക്ക് മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായ അബ്ദുൽ എൽ സയീദ്. യു.എസ് കോൺഗ്രസ് അംഗവും ഇസ്രയേൽ അനുകൂല നിലപാടുകാരിയുമായ ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് എൽ സയീദ് തകർപ്പൻ വിജയം നേടിയത്. ഈ ജയം അമേരിക്കൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന മിഷിഗൺ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.
നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് അംഗവുമായ മൈക്ക് റോജേഴ്‌സിനെയായിരിക്കും എൽ സയീദ് നേരിടുക. നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം യു.എസ് സെനറ്ററായി ഈ ഈജിപ്ഷ്യൻ വംശജൻ മാറും. വരും മാസങ്ങളിൽ യു.എസ് സെനറ്റിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്ന് നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന അഞ്ച് സ്ഥാനങ്ങളിൽ ഒന്നാണ് മിഷിഗണിലേത്.
ഇസ്രയേൽ ഗസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നടിച്ച എൽ സയീദ്, ഇസ്രയേലിനായി വിദേശത്ത് കോടികൾ ചെലവാക്കുന്നതിന് പകരം ആ തുക യു.എസിലെ പ്രാദേശിക ആരോഗ്യ സംരക്ഷണം, വസതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കണമെന്ന് ശക്തമായി വാദിച്ച വ്യക്തിയാണ്. എൽ സയീദിനെ തോൽപ്പിക്കാൻ ഐപാക്ക് 30 ദശലക്ഷത്തിലധികം ഡോളറാണ് ഹേലി സ്റ്റീവൻസിന് വേണ്ടി ചെലവഴിച്ചത്. വ്യക്തിഹത്യ നടത്താൻ ശ്രമിച്ച പണക്കൊഴുപ്പിന്റെ പ്രചാരണങ്ങൾക്ക് വോട്ടർമാർ നൽകിയ ശക്തമായ തിരിച്ചടിയാണ് ഈ വിജയമെന്ന് അറബ് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി.
ശക്തമായ പോരാട്ടത്തിനൊടുവിൽ വിജയം ഉറപ്പിച്ച എൽ സയീദ്, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്കുള്ളിലെ ഭിന്നതകൾ മറന്ന് ഒന്നിച്ചുനിൽക്കാൻ ഡെമോക്രാറ്റിക് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ ഭൂരിപക്ഷം ഉറപ്പാക്കാനും റിപ്പബ്ലിക്കൻ വെല്ലുവിളികളെ നേരിടാനും വലിയ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.-



