കോഴിക്കോട്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹിക പ്രതിബദ്ധതക്കുള്ള ഹാഷിം എഞ്ചിനീയര്കര്മ്മ പുരസ്കാരം മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ മുനീറിന്. സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനും മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനും വിവിധ തലങ്ങളില്‍ നല്കിയ സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് കെഎംസിസിയുടെ പുരസ്കാരമായി നല്‍കുന്നത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.സി മായിന്‍ഹാജി, കെ.പി മുഹമ്മദ്കുട്ടി, സി.പി സൈതലവി, ടി.ടി ഇസ്മായില്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
സൗദി കെഎംസിസി സ്ഥാപകരില്‍ ഒരാളും മുന്‍ ട്രഷററുമായിരുന്നു സി ഹാഷിം എഞ്ചിനീയറുടെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷവും സൗദി കെഎംസിസി അവാര്‍ഡ് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എം.ഐ തങ്ങള്‍, എം.സി വടകര, പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്, സി.പി സൈതലവി, ഇ സാദിഖലി, പി.കെ.കെ ബാവ എന്നിവര്‍ക്കായിരുന്നു കര്‍മ്മ പുരസ്കാരം. രാഷ്ട്രീയ സാമൂഹ്യ സാഹിത്യ ഭരണ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്ക്കുന്ന ജീവിത വിശുദ്ധികൊണ്ടും വൈജ്ഞാനിക ഗരിമകൊണ്ടും കേരളീയരുടെ ആദരവ് നേടിയ ഡോ.എം.കെ മുനീറിന് ഇത്തവണത്തെ ഹാഷിം എഞ്ചിനീയര്‍ പുരസ്കാരം സമ്മാനിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.
1962 ഓഗസ്റ്റ് 26ന് കോഴിക്കോട് അന്നശ്ശേരിയിലെ മന്നത്താംകണ്ടിയില് മുന്‍ കേരള മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെയും ആമിനയുടെയും മകനായി ജനിച്ച എം.കെ മുനീര്‍, 1987 ല്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറായി പൊതുരംഗത്ത് സജീവമായ വ്യക്തിത്വമാണ്. എം.എസ്.എഫ് സിറ്റി പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പദവികള്‍ വഹിച്ചു. 1991 ലും 2011ലും 2016ലും കോഴിക്കോട് രണ്ടാം മണ്ഡലമായ കോഴിക്കോട് സൗത്തില്‍ നിന്നും 1996ലും 2001ലും മലപ്പുറത്ത് നിന്നും 2021ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭാ സാമാജികനായ അദ്ദേഹം 2001 മുതല്‍ 2006 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും 2011 മുതല്‍ 2016വരെ പഞ്ചായത്ത്-സാമൂഹ്യ വകുപ്പ് മന്ത്രിയുമായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറും പിരിയോഡിക്കല്‍സിന്റെ മാനേജിംഗ് എഡിറ്ററുമായ അദ്ദേഹം മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ സ്ഥാപക ചെയര്‍മാനാണ്. കോഴിക്കോട്ടെ ഒലിവ് പുസ്തക പ്രസാധാലയത്തിന്റെ ചെയര്‍മാനാണ്.
എം.ബി.ബി.എസ് ബിരുദധാരിയായ ഡോ.എം.കെ മുനീര്‍ കലാസാംസ്കാരിക മേഖലകളിലും കഴിവ് തെളിയിച്ചു. സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും ലേഖനങ്ങളും രചിച്ച അദ്ദേഹത്തിന്റെ ഫാഷിസവും സംഘപരിവാറും പഠന ഗ്രന്ഥത്തിന് സി അച്യുതമേനോന് പുരസ്കാരവും (1998), ജെ.കെ.വി അവാര്‍ഡും ലഭിച്ചു. ശ്രീനാരായണ ഗുരു; മൂന്നു വിചാരങ്ങള്‍ എന്ന കൃതിക്ക് എസ്.കെ പൊറ്റേക്കാട്ട് അവാര്‍ഡും ലഭിച്ചു. ഭീകരത: പരസ്പരം പാലൂട്ടുന്ന ശത്രുക്കള്‍, സ്കെച്ച്, അനുഭവം ഓര്‍മ്മ യാത്ര, സംഭാഷണങ്ങള്‍, പശുദേശീയത എന്നിവയും ശ്രദ്ധേയ രചനകളാണ്. നഫീസ വിനീതയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ മലീഹ.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യാ മേഖലകളിൽ സംഘടനയ്ക്ക് ശക്തമായ മേൽവിലാസം ചാർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു നാല് ദശകത്തോളം പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മർഹും ഹാഷിം എൻജിനീയർ. പ്രവാസി സമൂഹത്തിന് വലിയ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം അർഹതപ്പെട്ട ഒരാൾക്ക് തന്നെ നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു



