ഫ്രെഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ബോർഡ് ഉത്തരവിന് ഹൈക്കോടതി സ്റ്റേ കളക്ടറും സംഘവും നാളെ പരിശോധന നടത്തും

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ‘ഫ്രെഷ് കട്ട്’ അറവ് മാലിന്യ സംസ്‌കരണ സ്ഥാപനം പൂർണ്ണമായി അടച്ചുപൂട്ടാൻ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ബോർഡിന്റെ നടപടിക്കെതിരെ സ്ഥാപന ഉടമകൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത്.

ദുർഗന്ധവും മാലിന്യവും ജനവാസ മേഖലയിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ ഉയർന്ന ശക്തമായ പരാതികളെയും ജനകീയ പ്രതിഷേധങ്ങളെയും തുടർന്നായിരുന്നു പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ച് പൂട്ടിയിടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്. 1974-ലെ ജല മലിനീകരണ നിയന്ത്രണ നിയമം, 1981-ലെ വായു മലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമായിരുന്നു നടപടി. മുൻപ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നെങ്കിലും നിയമലംഘനം തുടരുകയായിരുന്നു. ഹൈക്കോടതി സ്റ്റേ നൽകിയ പശ്ചാത്തലത്തിൽ, നാളെ (ഓഗസ്റ്റ് 7, വെള്ളി) ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പ്ലാന്റിലെത്തി നേരിട്ട് പരിശോധന നടത്തും. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പ്ലാന്റിന്റെ തുടർന്നുള്ള കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കുക.

2019-ൽ കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി എന്ന നിലയിലാണ് ഫ്രെഷ് കട്ട് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ പ്ലാന്റിൽ നിന്നുള്ള മലിനീകരണം താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ ആരോഗ്യത്തെയും സമാധാനപരമായ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രദേശവാസികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നുവരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles