മലപ്പുറം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെതിരെ എതിർപ്പുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണ്ണമായി ചൊല്ലേണ്ടതില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും അതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം മലപ്പുറത്ത് പ്രതികരിച്ചു. തങ്ങൾ ഇതുവരെ വന്ദേമാതരം പൂർണ്ണമായി ചൊല്ലിയിട്ടില്ലെന്നും ആദ്യ ഭാഗം മാത്രമാണ് ആലപിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെയും യു.പി.എയുടെയും ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. സത്യപ്രതിജ്ഞാ വേളയിൽ ചൊല്ലിയെങ്കിലും നിയമസഭയിൽ പോലും വന്ദേമാതരം മുഴുവനായും ചൊല്ലാറില്ലെന്ന് കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു. വിവാദത്തിന് വഴിവെച്ച ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ‘ഹർ ഘർ തിരംഗ’ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ 17 വരെയുള്ള ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലുള്ളത്. വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ കേരളത്തിൽ ഇത്തരം ഉത്തരവിറങ്ങിയത് വലിയ രാഷ്ടീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തിൽ മറ്റു മന്ത്രിമാരും പ്രതികരിച്ചിട്ടുണ്ട്. വന്ദേമാതരം പൂർണ്ണമായി ചൊല്ലാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, ലോക് ഭവൻ നിർദ്ദേശപ്രകാരമാണ് സർക്കുലർ ഇറങ്ങിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്.



