കാറിൽ പ്രത്യേക അറയുണ്ടാക്കി എം.ഡി.എം.എ കടത്ത്: പ്രമുഖ കുറ്റവാളി ഉൾപ്പെടെ രണ്ടുപേർ ഇരിട്ടിയിൽ പിടിയിൽ

ഇരിട്ടി: പജേറോ കാറിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്ന 96 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ വിവേകാനന്ദ റോഡിലെ വി.പി. ഷമീം എന്ന ചാണ്ടി ഷമീം (45), കൊളച്ചേരി പറമ്പിൽ കെ. നിസാർ (35) എന്നിവരെയാണ് ഇരിട്ടി ഇൻസ്പെക്ടർ സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കണ്ണൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

കൂട്ടുപുഴയിൽ വെച്ച് ലഹരിവിരുദ്ധ സ്ക്വാഡായ ‘ഡാൻസാഫ്’ ഉൾപ്പെടുന്ന പോലീസ് സംഘം കൈകാണിച്ചിട്ടും നിർത്താതെ പോയ പജേറോ കാറിനെ പിന്തുടർന്ന് വിളമന കുന്നോത്ത് വെച്ചാണ് പോലീസ് തടഞ്ഞത്. വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനിടെ പ്രതിയായ ഷമീം തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും, പോലീസ് വാഹനം കിളിയന്തറയിലെ ഓട്ടോ മൊബൈൽ വർക്ക്ഷോപ്പിലെത്തിച്ച് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തി വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്ന്, കാറിന്റെ മുൻഭാഗത്ത് ഇടതുവശത്തുള്ള ലോവർ ആമിൽ അധികമായി ഘടിപ്പിച്ച കറുത്ത പ്ലാസ്റ്റിക് പെട്ടിയിലെ വെള്ള പോളിത്തീൻ കവറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. ലഹരിമരുന്നും കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ ചാണ്ടി ഷമീം മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. 2023 മാർച്ച് മൂന്നിന് വളപട്ടണം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അഞ്ച് വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച കേസ്, ഒളിവിൽ കഴിഞ്ഞിരുന്ന കെട്ടിടത്തിൽ പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസ്, കഴിഞ്ഞ ഏപ്രിൽ 13-ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ അത്യാഹിത വിഭാഗം തകർത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്. മുൻപ് കാപ്പ ചുമത്തി ഇയാളെ ജയിലിലടച്ചിട്ടുമുണ്ട്. ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയബാബുവിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles