ന്യൂഡൽഹി: രാജ്യത്തിനകത്ത് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റേതടക്കമുള്ള വിദേശ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും പിന്നാലെ എഫ്.സി.ആർ.എ (FCRA) ഭേദഗതി ബില്ലിൽ കടുത്ത പ്രതിസന്ധിയിലായി മോദി സർക്കാർ. വിഷയം തണുപ്പിക്കുന്നതിനും മുഖം രക്ഷിക്കുന്നതിനുമായി വിവാദ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാമെന്ന ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ സമവായ നിർദ്ദേശം കോൺഗ്രസ് തള്ളിക്കളഞ്ഞു. ബിൽ ജെ.പി.സിക്ക് വിടാനുള്ള നീക്കത്തെ സഭയ്ക്കുള്ളിൽ ശക്തമായി എതിർക്കുമെന്നും, ബിൽ പൂർണ്ണമായും പിൻവലിക്കുക മാത്രമാണ് ഏക പരിഹാരമെന്നും കോൺഗ്രസ് സ്പീക്കറെ അറിയിച്ചു.
കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് ബിൽ ജെ.പി.സിക്ക് വിടുകയോ അല്ലെങ്കിൽ തൽക്കാലത്തേക്ക് നീക്കിവെക്കുകയോ ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ഡി.എം.കെ, എൻ.സി.പി (ശരദ് പവാർ), അകാലിദൾ, വൈ.എസ്.ആർ.സി.പി തുടങ്ങിയ മറ്റ് പ്രധാന കക്ഷികളെ ഒപ്പം നിർത്തി മണ്ഡല പുനർനിർണ്ണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കി കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടി നൽകാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.
പ്രധാനമായും ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾക്ക് (എൻ.ജി.ഒ) ലഭിക്കുന്ന വിദേശ സംഭാവനകൾക്ക് തടയിടാൻ ആർ.എസ്.എസിന്റെയും വൻവാസി കല്യാൺ ആശ്രമിന്റെയും ആവശ്യപ്രകാരമാണ് കേന്ദ്ര സർക്കാർ എഫ്.സി.ആർ.എ ഭേദഗതി ബിൽ കൊണ്ടുവന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും പ്രതിഷേധം കാരണം മാറ്റിവെക്കുകയായിരുന്നു. ആർ.എസ്.എസ് സമ്മർദ്ദം മൂലം വർഷകാല സമ്മേളനത്തിൽ ബിൽ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. താൻ സഭയിൽ ഹാജരായി ഈയാഴ്ച തന്നെ ബിൽ പാസാക്കുമെന്ന് തന്നെ വന്നു കണ്ട മിസോറം മുഖ്യമന്ത്രിയും ഡി.എം.കെ എം.പി പി. വിൽസണും ഉൾപ്പെടുന്ന വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികളോട് അമിത് ഷാ നേരിട്ട് അറിയിച്ചിരുന്നുവെങ്കിലും, വിദേശ നേതാക്കൾ എൻ.ജി.ഒകളെ പിന്തുണച്ച് രംഗത്തെത്തിയതോടെ സർക്കാരിന്റെ നീക്കങ്ങൾ പ്രതിസന്ധിയിലാവുകയായിരുന്നു.



