റിയാദിലെ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം: 16 ബംഗ്ലാദേശി തൊഴിലാളികൾ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സനാഇയ വ്യവസായ മേഖലയിലുള്ള സോഫ നിർമ്മാണ ഫാക്ടറിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സൗദി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടുത്തത്തിന്റെ കാരണങ്ങളെക്കുറിച്ചോ മരണങ്ങൾ വർദ്ധിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഉടനടി ലഭ്യമായിട്ടില്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അപകടത്തെത്തുടർന്ന് റിയാദിലെ ബംഗ്ലാദേശ് എംബസി ഉദ്യോഗസ്ഥർ സൗദി അധികൃതരുമായി സഹകരിച്ച് ആവശ്യമായ തുടർന്നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ സർക്കാർ സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കാനും ബംഗ്ലാദേശ് പ്രവാസികളുടെ ക്ഷേമ, വിദേശ തൊഴിൽ മന്ത്രി ആരിഫുൽ ഹഖ് ചൗധരി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗ്ലാദേശി കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള വിദേശ രാജ്യമാണ് സൗദി അറേബ്യ. നിലവിൽ ഏകദേശം 3.5 ദശലക്ഷത്തോളം ബംഗ്ലാദേശ് പൗരന്മാർ സൗദിയിൽ ജോലി ചെയ്തുവരുന്നുണ്ട്. ബംഗ്ലാദേശിന്റെ സാമ്പത്തിക മേഖലയിൽ പ്രധാന പങ്കുവഹിക്കുന്ന ഇവർ കഴിഞ്ഞ വർഷം മാത്രം 2.7 ബില്യണിലധികം ഡോളറാണ് സൗദിയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് അയച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles