ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ജെൻ-സി യുവതലമുറയുടെ നേതൃത്വത്തിൽ നടന്ന ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രതിഷേധങ്ങൾ തൊഴിൽ-വിദ്യാഭ്യാസ മേഖലകളിലെ രാഷ്ട്രീയത്തെ മാത്രമല്ല, ഉത്തരേന്ത്യയിലെ പല സംഘപരിവാർ അനുഭാവ കുടുംബങ്ങളുടെയും ആഭ്യന്തര അന്തരീക്ഷത്തെയാണ് മാറ്റിയെഴുതിയത്. മെഡിക്കൽ പ്രവേശന പരീക്ഷയിലെ (നീറ്റ്) ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആരംഭിച്ച സമരം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലും പരീക്ഷാ സംവിധാനങ്ങളുടെ പൊളിച്ചെഴുത്തിലും കലാശിച്ചിരുന്നു. എന്നാൽ ഇതിലും ഉപരിയായി, ബി.ജെ.പി – ആർ.എസ്.എസ് പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ തങ്ങളുടെ കുടുംബപരമായ ആശയങ്ങളെ തള്ളിപ്പറഞ്ഞ് സമരരംഗത്തേക്ക് എത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ബി.ജെ.പി – ആർ.എസ്.എസ് സജീവ പ്രവർത്തകനായ പിതാവിന്റെ വഴി ഉപേക്ഷിച്ച് ഡൽഹി ജാതർ മന്ദറിലെ സമരപന്തലിൽ സജീവ സാന്നിധ്യമായ ജലന്ധറിലെ നിയമവിദ്യാർത്ഥി കുനാൽ ചൗധരി (19) ഇതിനൊരു ഉദാഹരണമാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ചിരുന്ന സമരപന്തലിലെ കാഴ്ചകൾ തന്റെ ബോധ്യങ്ങളെ മാറ്റിമറിച്ചുവെന്നും കേവലം വിദ്വേഷ പ്രചാരണങ്ങൾക്കപ്പുറം മറ്റൊന്നും ആർ.എസ്.എസ് പഠിപ്പിക്കുന്നില്ലെന്നും കുനാൽ തുറന്നുപറയുന്നു. ഇതിന്റെ പേരിൽ കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട ഇയാൾ നിലവിൽ ഡൽഹിയിലെ ഒരു ഗുരുദ്വാരയിലാണ് കഴിയുന്നത്. സമാനമായ രീതിയിൽ ബി.ജെ.പി അനുഭാവികളായ കുടുംബങ്ങളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങി പോലീസിന്റെ ലാത്തിച്ചാർജ് നേരിടേണ്ടി വന്ന പ്രിയ സിങ്, അഞ്ജലി തുടങ്ങിയ വിദ്യാർത്ഥിനികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
കുടുംബങ്ങൾക്കുള്ളിലെ ആശയപരമായ ഇത്തരം ഭിന്നതകൾ ആധുനിക സോഷ്യൽ മീഡിയയുടെ കടന്നുവരവും തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ കുറവും മൂലമാണെന്നാണ് ആർ.എസ്.എസ് വാരികയായ ‘ഓർഗനൈസറിന്റെ’ എഡിറ്റർ പ്രഫുല്ല കേത്കർ വിലയിരുത്തുന്നത്. എന്നാൽ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ മൂല്യങ്ങളിൽ അധിഷ്ഠിതമായി ചിന്തിക്കുന്നതാണെന്നും ഇത് വരുംദിവസങ്ങളിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ അടിത്തറയ്ക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്നും സാമൂഹ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.



