മക്ക സംയുക്ത പ്രതിരോധ കരാർ ചരിത്രപരമായ സുരക്ഷാ സഖ്യത്തിന്റെ തുടർച്ച: ഐഷ സിദ്ദീഖ

ലണ്ടൻ: സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ ചരിത്രപരമായ അടിത്തറയുള്ളതാണെന്നും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള പശ്ചിമേഷ്യൻ സുരക്ഷാ സഖ്യങ്ങളുടെ ആധുനിക രൂപമാണെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും കിംഗ്സ് കോളേജ് ലണ്ടനിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ ഐഷ സിദ്ദീഖ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ ദക്ഷിണേഷ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും പിന്മാറിയ സമയത്തുണ്ടായ സംഭവവികാസങ്ങളുടെ ആവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള വർഷങ്ങളിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു സ്വീകരിച്ച ജാഗ്രതയോടെയുള്ള നയങ്ങളാണ് അന്ന് നിർണ്ണായകമായത്. ജി.സി.സി രാജ്യങ്ങളിൽ അക്കാലത്ത് പ്രാഥമികമായി ഇന്ത്യൻ രൂപയാണ് ഉപയോഗിച്ചിരുന്നതെന്നും സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാമായിരുന്നുവെങ്കിലും ഗൾഫ് രാജ്യങ്ങളുടെ ഭൗമരാഷ്ട്രീയ സ്വാധീനത്തിൽ പെടാതിരിക്കാൻ നെഹ്റു അകലം പാലിക്കുകയാണുണ്ടായത്. എന്നാൽ 1950-കളിലും 60-കളിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള പശ്ചിമേഷ്യൻ സുരക്ഷാ പദ്ധതികളുടെ ഭാഗമാകാൻ പാക്കിസ്ഥാൻ വലിയ താല്പര്യം കാണിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ശീതയുദ്ധ കാലത്ത് അമേരിക്കയുടെ പിന്തുണയോടെ രൂപീകരിച്ച സീയറ്റോ, സെന്റോ തുടങ്ങിയ സൈനിക സഖ്യങ്ങളിൽ പാക്കിസ്ഥാൻ പങ്കാളിയായത്. അന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആയുധങ്ങളും പണവും നൽകിയപ്പോൾ പാക്കിസ്ഥാൻ സൈനികരെ ലഭ്യമാക്കുകയാണ് ചെയ്തത്. സമാനമായ ഒരു ആഗോള തന്ത്രവും ഫോർമുലയുമാണ് പുതിയ മക്ക പ്രതിരോധ കരാറിലും പ്രകടമാകുന്നതെന്ന് ഐഷ സിദ്ദീഖ കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles